പുതുവർഷ പുലരിയിൽ തുർക്കിയിൽ ഭീകരാക്രമണം; ഇസ്താംബുളിലെ നിശാക്ലബ് ആക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു

ഇസ്താംബുൾ: തുർക്കിയിൽ പുതുവർഷ പുലരി പിറന്നത് ഭീകരാക്രമണത്തിന്റെ ഞെട്ടലോടെ. ഇസ്താംബുളിൽ നിശാക്ലബിലുണ്ടായ ഭീകരാക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഒരാൾ പൊലീസുകാരനാണ്. 40 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഒർടാകോയിലെ റെയ്‌ന നിശാക്ലബിലായിരുന്നു ആക്രമണം ഉണ്ടായത്. പ്രാദേശിക സമയം പുലർച്ചെ 1.30 ഓടെയായിരുന്നു ആക്രമണം. ക്ലബിലെത്തിയ അക്രമി ആളുകൾക്കു നേരെ പൊടുന്നനെ വെടിവയ്ക്കുകയായിരുന്നു. പുതുവർഷം ആഘോഷിക്കാൻ ക്ലബിൽ ഒത്തുകൂടിയവരാണ് ആക്രമണത്തിനു ഇരയായത്.

ഏതാണ്ട് 700ഓളം ആളുകൾ നിശാക്ലബിലുണ്ടായിരുന്നതായാണ് കണക്ക്. പെട്ടെന്നു ആക്രമണം ഉണ്ടായപ്പോൾ ചിലരൊക്കെ തൊട്ടടുത്ത പുഴയിലേക്ക് എടുത്തുചാടിയാണ് രക്ഷപ്പെട്ടത്. അക്രമികൾ അറബി ഭാഷയാണ് സംസാരിച്ചിരുന്നതെന്നു വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. തുർക്കിയിൽ ഭീകരാക്രമണം നടക്കുമെന്നു നേരത്തെ തന്നെ റിപ്പോർട്ടുണ്ടായിരുന്നു. ഇതേതുടർന്ന് സുരക്ഷയ്ക്കായി 17,000ത്തോളം പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു.

രണ്ടാഴ്ച മുമ്പാണ് റഷ്യൻ അംബാസഡറായ ആന്ദ്രേ കാർലോവ് തുർക്കിയിൽ വെടിയേറ്റു കൊല്ലപ്പെട്ടത്. ഓഫ് ഡ്യൂട്ടിയിലായിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥൻ അങ്കാറയിലെ ഒരു പൊതുചടങ്ങിനിടെ കാർലോവിനെ വെടിവച്ചു കൊല്ലുകയായിരുന്നു. പോയ വർഷം നിരവധി ആക്രമണങ്ങൾ തുർക്കിയിൽ അരങ്ങേറി. ഫെബ്രുവരിയിൽ അങ്കാറയിൽ സൈനികവ്യൂഹത്തിനു നേർക്കുണ്ടായ ആക്രമണത്തിൽ 28 പേരാണ് കൊല്ലപ്പെട്ടത്. മാർച്ച് 13നു കുർദിഷ് തീവ്രവാദികൾ നടത്തിയ ചാവേർ സ്‌ഫോടനത്തിൽ 37 പേർ കൊല്ലപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here