പ്രവാസികൾക്ക് അസാധു നോട്ട് നിക്ഷേപിക്കുന്നതിനു ഇളവ്; ജൂൺ 30 വരെ നിക്ഷേപിക്കാം; ഓർഡിനൻസിൽ രാഷ്ട്രപതി ഒപ്പുവച്ചു

ദില്ലി: പ്രവാസികൾക്ക് അസാധു നോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കുന്നതിനു ഇളവ് അനുവദിച്ചു കേന്ദ്രസർക്കാർ ഓർഡിനൻസ് ഇറക്കി. അസാധു നോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കാനുള്ള സമയപരിധി അവസാനിച്ചെങ്കിലും പ്രവാസികൾക്കും ഇക്കാലയളവിൽ വിദേശത്തായിരുന്നവർക്കും പ്രത്യേക ഇളവ് അനുവദിച്ചു കൊണ്ടാണ് ഓർഡിനൻസ് ഇറക്കിയിരിക്കുന്നത്. ഇതനുസരിച്ച് പ്രവാസി ഇന്ത്യാക്കാർക്ക് ജൂൺ 30 വരെ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിക്കുന്നതിന് അവസരം ഉണ്ട്. ഇതു സംബന്ധിച്ച ഓഡിനൻസിൽ രാഷ്ട്രപതി പ്രണബ് മുഖർജി ഒപ്പുവച്ചു.

25,000 രൂപ വരെ നിക്ഷേപിക്കാനാണ് അവസരമൊരുക്കിയിരിക്കുന്നത്. ഇതിനു പുറമെ 1000, 500 രൂപ നോട്ടുകൾ അസാധുവാക്കി പ്രഖ്യാപിച്ച രാത്രി മുതൽ ഡിസംബർ 30 വരെ വിദേശത്തുണ്ടായിരുന്ന ഇന്ത്യാക്കാർക്കും പഴയ നോട്ടുകൾ നിക്ഷേപിക്കുന്നതിന് അവസരം ഒരുക്കിയിട്ടുണ്ട്. മാർച്ച് 31 വരെയാണ് ഇതിന് അവസരം ഒരുക്കിയിരിക്കുന്നത്.

ഇനി മുതൽ പഴയ നോട്ടുകൾ ബാങ്കിൽ നൽകണമെങ്കിൽ പ്രത്യേക സത്യവാങ്മൂലം നൽകണം. വൈകാതെ തന്നെ അതിന്റെ മാതൃക റിസർവ് ബാങ്ക് പുറത്തിറക്കും. ഇതിലും ക്രമക്കേട് വരുത്തിയാൽ വൻ തുക പിഴ ഈടാക്കാനാണ് പദ്ധതിയിടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here