ഭർത്താവിനു ഒരു ചായ ഇട്ടു കൊടുക്കാൻ പോലും പറ്റില്ലല്ലോ എന്നതാണ് ഏറ്റവും വലിയ സങ്കടം; വൈക്കം വിജയലക്ഷ്മി പറയുന്നു

ഭർത്താവിനു ഒരു ചായ ഇട്ടു കൊടുക്കാൻ പോലും പറ്റില്ലല്ലോ എന്നതാണ് തന്റെ ഏറ്റവും വലിയ സങ്കടമെന്നു വൈക്കം വിജയലക്ഷ്മി. വനിതയ്ക്കു നൽകിയ അഭിമുഖത്തിലാണ് വിജയലക്ഷ്മി തന്റെ ദാമ്പത്യത്തിലെ വലിയ വിഷമത്തെ കുറിച്ച് തുറന്നു പറഞ്ഞത്. വിവാഹത്തെ കുറിച്ചും സ്വപ്നത്തെ കുറിച്ചും സംസാരിക്കുകയായിരുന്നു വിജയലക്ഷ്മി. ഏറെ സ്വപ്‌നം കണ്ട വിവാഹം നടക്കാൻ പോകുന്ന സന്തോഷത്തിലാണ് വിജയലക്ഷ്മി.

ഏറെ പ്രാർത്ഥനകൾക്കൊടുവിലാണ് വിവാഹം നടക്കുന്നത്. എന്നാൽ, അതിലെ തന്റെ ഏറ്റവും വലിയ സങ്കടം ചേട്ടനെ ഓർത്താണെന്നു വിജയലക്ഷ്മി പറയുന്നു. സ്വന്തം കൈ കൊണ്ട് ഒരു ചായ പോലും ഉണ്ടാക്കിക്കൊടുക്കാൻ സാധിക്കില്ലല്ലോ എന്നതാണ് സങ്കടകരമായ കാര്യം. സ്വന്തം കൈ കൊണ്ട് ഒരു ചായ ഉണ്ടാക്കിക്കൊടുക്കാനോ ഭക്ഷണം ഉണ്ടാക്കിക്കൊടുക്കാനോ സാധിക്കില്ല. ഇതാണ് തന്റെ ഇപ്പോഴത്തെ സങ്കടമെന്നും വിജയലക്ഷ്മി പറഞ്ഞു.

തന്നെ വിവാഹം കഴിക്കാൻ ആരും വരില്ല എന്നു തെറ്റുദ്ധാരണയും അതോടൊപ്പം വിഷമവും ഉണ്ടായിരുന്നു എന്നു വിജയലക്ഷ്മി പറയുന്നു. അനേകം പേരുടെ പ്രാർത്ഥനയുടെ ഫലമാണു തന്റെ വിവാഹം. തിരുമാന്ധാംകുന്ന് ദേവീക്ഷേത്രത്തിൽ ഉൾപ്പെടെ ഒട്ടേറെ ക്ഷേത്രങ്ങളിൽ പൂജകൾ ചെയ്തിരുന്നു. 35-ാം വയസിൽ വിവാഹം നടക്കുമെന്നു ജോതിഷി നേരത്തെ പറഞ്ഞതാണ്. കൂടാതെ പാടുമെന്നും അവാർഡ് കിട്ടുമെന്നും പറഞ്ഞു. തിരുവാതിര ഉൾപ്പെടെയുള്ള വ്രതങ്ങളൊന്നും മുടക്കാറില്ല. ഇത്തവണത്തേതു സ്‌പെഷ്യൽ തിരുവാതിരയാണ് എന്നും വിജയലക്ഷ്മി പറഞ്ഞു.

സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ കാറ്റേ കാറ്റേ എന്ന ഒറ്റഗാനം കൊണ്ടു തന്നെ മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയ ഗായികയാണു വൈക്കം വിജയലക്ഷ്മി. കൈരളി പീപ്പിളിന്റെ ഫീനിക്‌സ് അവാർഡ് വേദിയിലാണ് വൈക്കം വിജയലക്ഷ്മി വിവാഹവാർത്ത ആദ്യമായി പ്രഖ്യാപിച്ചത്. ഡിസംബർ 14നു വൈക്കത്തെ വീട്ടിൽ വച്ച് വിവാഹനിശ്ചയം കഴിഞ്ഞു. മാർച്ച് 29നു വൈക്കം ക്ഷേത്രത്തിൽ വച്ചാണ് വിവാഹം. തൃശൂർ കുന്നത്തങ്ങാടി സ്വദേശിയായ സന്തോഷാണ് വിജയലക്ഷ്മിയുടെ വരൻ. ഹോട്ടൽ മാനേജ്‌മെൻറ് പഠനശേഷം ബഹ്‌റൈനിൽ ജോലി നോക്കുകയാണ്. വിവാഹപരസ്യത്തിലൂടെയാണ് സന്തോഷിന്റെ ആലോചനയെത്തിയത്. വിജയലക്ഷ്മിക്കു വരനെ തേടുന്നെന്ന പരസ്യം കണ്ടു നിരവധി പേർ വിവാഹത്തിനു സന്നദ്ധരായി പ്രതികരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here