പണമില്ലാ പുതുവർഷം സമ്മാനിച്ച് മോദി; 50 ദിവസങ്ങൾക്കു ശേഷവും കറൻസി ക്ഷാമം രൂക്ഷം; എടിഎമ്മുകളിൽ നിന്ന് 4,500 രൂപ പിൻവലിക്കാം

ദില്ലി: രാജ്യത്തെ ജനങ്ങൾക്ക് പണമില്ലാ പുതുവർഷം സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദി പറഞ്ഞ 50 ദിവസങ്ങൾക്കു ശേഷം പുതുവർഷം പിറന്നപ്പോഴും കാര്യങ്ങൾക്ക് മാറ്റമൊന്നും ഇല്ല. കറൻസി ക്ഷാമം ഇപ്പോഴും രൂക്ഷമാണ്. രാജ്യത്തിന്റെ മിക്ക ഭാഗത്തും കറൻസികൾ പൂർണമായും ഇപ്പോഴും ലഭ്യമായി തുടങ്ങിയിട്ടില്ല. എടിഎമ്മുകളിൽ നിന്ന് ഒരു ദിവസം പിൻവലിക്കാവുന്ന തുകയുടെ പരിധി 4,500 രൂപയാക്കിയിട്ടുണ്ട്. എന്നാൽ, ഇപ്പോഴും 70 ശതമാനം എടിഎമ്മുകളും കാലിയാണ്. ബാങ്കുകളിലെ തിരക്ക് കുറഞ്ഞിട്ടുണ്ട്. പക്ഷേ എത്തുന്ന എല്ലാവർക്കും നൽകാൻ ഇപ്പോഴും ആവശ്യത്തിനു നോട്ടുകൾ ഇല്ലെന്നാണ് ബാങ്കുകൾ പറയുന്നത്.

സർക്കാരിന്റെ ശമ്പള, പെൻഷൻ വിതരണത്തിനു ബുദ്ധിമുട്ടുണ്ടാകില്ലെന്നു ധനവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ശമ്പളം കൃത്യമായി ട്രഷറി-ബാങ്ക് അക്കൗണ്ടുകളിൽ എത്തിക്കും എന്നു ധനമന്ത്രി പറഞ്ഞിട്ടുണ്ട്. പക്ഷേ, പിൻവലിക്കാൻ ആവശ്യത്തിനു നോട്ടില്ലെന്നതാണ് പ്രതിസന്ധി. 1391 കോടി രൂപയുടെ കറൻസിയാണു സർക്കാർ ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാൽ, ഇത്രയും കറൻസി ലഭ്യമാക്കാൻ കഴിയില്ലെന്നു റിസർവ് ബാങ്ക് അധികൃതർ അറിയിച്ചിട്ടുണ്ട്. മൂന്നു മുതലാണു ശമ്പളവും പെൻഷനും ട്രഷറികൾ വഴി നൽകേണ്ടത്. വേണ്ടത്ര കറൻസി ലഭ്യമായില്ലെങ്കിൽ ശമ്പളവും പെൻഷനും നൽകാൻ നിയന്ത്രണമേർപ്പെടുത്തേണ്ടിവരും.

ട്രഷറികൾ വഴി പണം വീടുകളിലെത്തിക്കാൻ 506 കോടി രൂപയാണു സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നതെങ്കിലും പകുതിയിൽ താഴെ തുക മാത്രമേ ലഭ്യമായിട്ടുള്ളൂവെന്നാണു ധനവകുപ്പ് അറിയിച്ചിരിക്കുന്നത്. പല ട്രഷറികൾക്കും ഒരു രൂപ പോലും ലഭിച്ചില്ല. ഇതിന്റെ കുടിശികയും അടുത്ത മൂന്നു മുതൽ നൽകേണ്ടിവരുന്നതോടെ പ്രതിസന്ധി രൂക്ഷമാകും. നഗരപ്രദേശങ്ങളിൽ എടിഎമ്മുകൾ ഏറെക്കുറെ സാധാരണനിലയിലായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here