പിളർപ്പിന്റെ വക്കിലെത്തിയ സമാജ്‌വാദി പാർട്ടിയിൽ മുലായത്തിന്റെ പുതിയ നീക്കം; ഭാവി പരിപാടികൾ തീരുമാനിക്കാൻ മുലായം അനുകൂലികളുടെ യോഗം വിളിച്ചു

ദില്ലി: പിളർപ്പിന്റെ വക്കിലെത്തിയ സമാജ്‌വാദി പാർട്ടിയിൽ മുലായം സിംഗ് യാദവിന്റെ പുതിയ നീക്കം. എസ്പിയിലെ മുലായം സിംഗ് യാദവ് വിഭാഗം നേതാക്കൾ ഇന്നു ദില്ലിയിൽ കൂടിക്കാഴ്ച നടത്തും. മുലായം, ശിവ്പാൽ സിംഗ് യാദവ്, അമർ സിംഗ് എന്നിവരാണ് കൂടിക്കാഴ്ച നടത്തുന്നത്. അഖിലേഷ് യാദവ് വിഭാഗം കൺവെൻഷൻ ചേർന്ന് അമർ സിംഗിനെ പുറത്താക്കുകയും ശിവ്പാൽ യാദവിനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്നും നീക്കം ചെയ്യുകയും ചെയ്ത സാഹചര്യത്തിൽ ഭാവിപരിപാടികൾ തീരുമാനിക്കാനാണ് കൂടിക്കാഴ്ച. പാർട്ടി പിളരുകയാണെങ്കിൽ ചിഹ്നത്തിനും പാർട്ടി പേരിനും അവകാശവാദം ഉന്നയിക്കുകയാണ് ഇരുവിഭാഗത്തിന്റെയും ലക്ഷ്യം. അഖിലേഷ് വിഭാഗവും മുലായം വിഭാഗവും ഇന്നു തന്നെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചക്കേുമെന്നും സൂചനയുണ്ട്.

ഇന്നലെ നാടകീയ നീക്കങ്ങൾക്കാണ് സമാജ്‌വാദി പാർട്ടിയും ഉത്തർപ്രദേശും സാക്ഷ്യം വഹിച്ചത്. മുലായം സിംഗ് ദേശീയ അധ്യക്ഷനായി തുടരവേ തന്നെ വിമതനേതാക്കൾ കൺവെൻഷൻ വിളിച്ചുചേർത്ത് മുഖ്യമന്ത്രി അഖിലേഷ് യാദവിനെ ദേശീയ അധ്യക്ഷനായി പ്രഖ്യാപിച്ചിരുന്നു. അമർ സിംഗിനെയും ശിവ്പാൽ സിംഗ് യാദവിനെയും പാർട്ടിയിൽ നിന്നും പുറത്താക്കാനും കൺവെൻഷൻ ശുപാർശ ചെയ്തു. ഒപ്പം ശിവ്പാൽ സിംഗ് യാദവിനെ പാർട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കം ചെയ്യുകയും ചെയ്തിരുന്നു. രാം ഗോപാൽ യാദവിന്റെ നേതൃത്വത്തിലായിരുന്നു നാടകീയ നീക്കങ്ങൾ. തൊട്ടുപിന്നാലെ രാം ഗോപാലിനെ പാർട്ടിയിൽ നിന്നു ആറു വർഷത്തേക്കു സസ്‌പെൻഡ് ചെയ്ത് മുലായം സിംഗ് തിരിച്ചടിച്ചു.

നേരത്തെ വെള്ളിയാഴ്ച അഖിലേഷിനെയും രാം ഗോപാലിനെയും ആറു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്ത മുലായം സിംഗ്, ശനിയാഴ്ച തന്നെ ഇരുവരെയും പാർട്ടിയിൽ തിരിച്ചെടുത്തിരുന്നു. ഇതിനു ശേഷമാണ് രാംഗോപാൽ യാദവ് കൺവെൻഷൻ വിളിച്ചു ചേർത്തത്. ഈ കൺവെൻഷനിൽ പങ്കെടുക്കരുതെന്നു ചൂണ്ടിക്കാട്ടി മുലായം സിംഗ് യാദവ് പാർട്ടി പ്രവർത്തകർക്കും നേതാക്കൾക്കും കത്ത് നൽകിയിരുന്നു. അതിനിടെ നാലു ജില്ലാ അധ്യക്ഷൻമാരെ ശിവ്പാൽ യാദവ് നീക്കിയിരുന്നു. അസംഡ്, ദിയോറിയ, മിർസാപൂർ, കുശിനഗർ എന്നിവിടങ്ങളിലെ ജില്ലാ അധ്യക്ഷൻമാരെയാണ് പാർട്ടി വിരുദ്ധ പ്രവർത്തനം ആരോപിച്ച് പുറത്താക്കിയത്.

ഇതാണ് യഥാർത്ഥ സമാജ്‌വാദി പാർട്ടിയെന്നു അഖിലേഷ് യാദവ് പറഞ്ഞു. ശിവ്പാൽ യാദവും അമർസിംഗും മുലായത്തിനെതിരെ ഗൂഢാലോചന നടത്തിയതായി അഖിലേഷ് ആരോപിച്ചു. പാർട്ടി അധികാരത്തിൽ തിരിച്ചെത്താതിരിക്കാൻ വേണ്ടി പ്രവർത്തിച്ചെന്നും അഖിലേഷ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News