ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനു നേർക്ക് പൊതുവേദിയിൽ ഷൂ എറിഞ്ഞയാളെ അറസ്റ്റ് ചെയ്തു. ഹരിയാനയിലെ രോഹ്തകിലാണ് സംഭവം ഉണ്ടായത്. നോട്ട് നിരോധനത്തിനെതിരെ ആം ആദ്മി പാർട്ടി റാലിക്കിടെയാണ് ഷൂ എറിഞ്ഞത്. കെജ്‌രിവാൾ പ്രസംഗം ആരംഭിച്ച ഉടൻ മാധ്യമപ്രവർത്തകർ ഇരിക്കുന്ന ഭാഗത്തു നിന്ന് ഒരാൾ ഷൂ എറിയുകയായിരുന്നു. തന്നെ അഭിമുഖീകരിക്കാൻ ധൈര്യമില്ലാത്ത മോദി ചെരുപ്പെറിയാൻ ശിങ്കിടികളെ ഉപയോഗിക്കുകയാണെന്നു കെജ്‌രിവാൾ പറഞ്ഞു.
ദാദ്രി ജില്ലക്കാരനായ വികാസ് കുമാർ എന്നയാളാണ് ഷൂ എറിഞ്ഞത്. പ്രസംഗത്തിൽ നരേന്ദ്ര മോദിയെ കുറ്റപ്പെടുത്തി സംസാരിക്കുമ്പോഴായിരുന്നു സംഭവം. നോട്ട് അസാധുവാക്കൽ മോദി നടത്തിയ അഴിമതിയാണെന്നു കെജ്‌രിവാൾ പറഞ്ഞപ്പോഴായിരുന്നു ഏറുണ്ടായത്. എന്നാൽ ഏറ് കെജ്‌രിവാളിന് കൊണ്ടില്ല. ഇയാളെ ഉടൻ തന്നെ ആം ആദ്മി പാർട്ടി പ്രവർത്തകർ പിടികൂടി. ഇയാൾക്ക് മർദ്ദനമേറ്റതായും ആരോപണമുണ്ട്. വികാസിനെ പിന്നീട് പൊലീസിന് കൈമാറി.
അക്രമിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തതിനു ശേഷം കെജ്‌രിവാൾ തന്റെ പ്രസംഗം തുടർന്നു. പ്രതിയെ ചോദ്യം ചെയ്തപ്പോൾ സത്‌ലജ്-യമുന നദീജല കരാർ വിഷയത്തിൽ കെജ്‌രിവാളിന്റെ പരാമർശം തന്നെ വേദനിപ്പിച്ചെന്നും ഇതിൽ പ്രതിഷേധിച്ചാണ് ഷൂ എറിഞ്ഞതെന്നും വികാസ് കുമാർ പറഞ്ഞു. ഇക്കാര്യത്തിൽ കെജ്‌രിവാളിന്റെ അഭിപ്രായം ഹരിയാനയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്നും വികാസ് പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു.

Get real time update about this post categories directly on your device, subscribe now.