മന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോയ ഉടൻ റോഡിൽ ബോംബേറ്; സംഭവം നാദാപുരം അരൂരിൽ

നാദാപുരം/അരൂർ: മന്ത്രിയുടെ വാഹനവ്യൂഹം കടന്നു പോയ ഉടൻ റോഡിൽ ബോംബെറിഞ്ഞു. നാദാപുരത്തിനടുത്ത് അരൂരിലാണ് സംഭവം. അന്തരിച്ച പാർട്ടി നേതാവിന്റെ വീട് സന്ദർശിക്കാൻ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ എത്തിയപ്പോഴായിരുന്നു സംഭവം. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു ബോംബേറുണ്ടായത്. ബോംബ് അതീവശബ്ദത്തോടെ പൊട്ടിത്തെറിച്ചു. മോട്ടോർബൈക്കിലെത്തിയ സംഘമാണ് ബോംബെറിഞ്ഞത്.

കഴിഞ്ഞ ദിവസം അരൂരിൽ നിര്യാതനായ കോൺഗ്രസ് (എസ്) മണ്ഡലം പ്രസിഡന്റ് സി.എച്ച് ബാബുവിന്റെ വീട് സന്ദർശിക്കാനെത്തിയതായിരുന്നു മന്ത്രി. പയ്യോളിയിലെ ഗതാഗതക്കുരുക്ക് കാരണം വടകര വഴി വരാതെ പേരാമ്പ്ര റോഡ് വഴി ചെരണ്ടത്തൂർ ആയഞ്ചേരി വഴിയാണ് മന്ത്രി എത്തിയത്. ഏതാണ്ട് മുക്കാൽ കിലോമീറ്റർ അകലെയുള്ള വീട്ടിൽ മന്ത്രി എത്തിയ ഉടനെയാണ് റോഡിൽ ബോംബേറുണ്ടായതും. ബോംബെറിഞ്ഞ ശേഷം അരൂർ ഭാഗത്തു നിന്നു വന്ന ബൈക്ക് സംഭവത്തിനു ശേഷം തീക്കുനി ഭാഗത്തേക്ക് ഓടിച്ച് പോയതായാണ് വിവരം.

സ്റ്റീൽ ബോംബാണ് റോഡിൽ എറിഞ്ഞത്. സംഭവസ്ഥലത്തു നിന്നും സ്റ്റീൽ പാത്രത്തിന്റെ അവശിഷ്ടങ്ങൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മരണ വീട്ടിൽ മുക്കാൽ മണിക്കൂറോളം ചെലവഴിച്ച ശേഷം കൂടുതൽ പൊലീസ് അകമ്പടിയോടെ കോട്ടമുക്ക്-നാദാപുരം വഴി മന്ത്രി കണ്ണൂരിലേക്കു പോയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here