ടൈറ്റാനിക് മുങ്ങാൻ കാരണം മഞ്ഞുമലയിൽ ഇടിച്ചതല്ല; പുതിയ വെളിപ്പെടുത്തൽ

ലണ്ടൻ: ടൈറ്റാനിക് മുങ്ങിയതിനു കാരണം മഞ്ഞുമലയിൽ ഇടിച്ചതാണെന്നായിരുന്നു ഇതുവരെയുള്ള വാദം. എന്നാൽ അപകടം നടന്ന് 105 വർഷം തികയുമ്പോൾ കഥയിൽ വലിയൊരു ട്വിസ്റ്റ്. മഞ്ഞുമലയിൽ ഇടിച്ചതല്ല അപകട കാരണമെന്നാണ് പുതിയ വെളിപ്പെടുത്തൽ. ബോയിലർ റൂമിലുണ്ടായ അഗ്നിബാധയാണ് ഒരിക്കലും മുങ്ങില്ലെന്നു കരുതിയ കപ്പലിനു ചരമഗീതം എഴുതിയതെന്നാണ് ടൈറ്റാനികിന്റെ അപകടം പ്രമേയമാകുന്ന ഡോക്യുമെന്ററി പറയുന്നത്.

മാധ്യമപ്രവർത്തകനായ സെനൻ മോലോനി സംവിധാനം ചെയ്യുന്ന പുതിയ ഡോക്യുമെന്ററിയിലാണ് കപ്പൽ മുങ്ങിയതിനു പുതിയ കാരണം കണ്ടെത്തിയിരിക്കുന്നത്. കപ്പലിലെ കൽക്കരി കത്തിക്കുന്ന കോൾ ബങ്കറിൽ ഉണ്ടായ തീപിടുത്തമാണ് കാരണം. മഞ്ഞുകട്ടയിൽ ഇടിക്കുമ്പോഴേക്കും കപ്പലിന്റെ ഇരുമ്പ് ദുർബലമായിരുന്നെന്നും സെനന്റെ ഡോക്യുമെന്ററിയിൽ വാദിക്കുന്നു. മൂന്നുദിവസമായി തുടർച്ചയായി കോൾ ബങ്കറിൽ അഗ്നിബാധയുണ്ടായിട്ടും ആരുടെയും ശ്രദ്ധയിൽ പെട്ടിരുന്നില്ല. അവസാന ദിവസമാണ് തീപിടുത്തം ശ്രദ്ധയിൽ പെട്ടത്. 12 ജീവനക്കാർ രാവും പകലും പ്രയത്‌നിച്ച് തീ അണയ്ക്കാൻ നോക്കിയെങ്കിലും സാധിച്ചില്ലെന്നും സെനൻ പറയുന്നു.

തീപിടുത്തം കപ്പലിന്റെ പ്രധാന ബോഡിക്ക് കാര്യമായ തകരാറുണ്ടാക്കി. ഇതേസമയം തന്നെയാണ് കപ്പൽ മഞ്ഞുമലയിൽ ഇടിച്ചതും. എന്നാൽ കപ്പൽ മുങ്ങാനുള്ള യഥാർത്ഥ കാരണം തീപിടുത്തമാണെന്ന് സെനൻ പറയുന്നു. സതാംപ്ടണിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള യാത്രാമദ്ധ്യേ ബെൽഫാസ്റ്റ് ഷിപ്പ്‌യാർഡിൽ നിന്ന് പുറപ്പെട്ട ഉടനാണ് കപ്പലിനുള്ളിൽ തീപിടിച്ചത്. മൂന്നുദിവസം തീയുണ്ടായിരുന്നു. എന്നാൽ, ഇക്കാര്യം യാത്രക്കാർ അറിയരുതെന്നു കപ്പൽ ജീവനക്കാർക്ക് ക്യാപ്റ്റനും മറ്റും കർശന നിർദേശം നൽകിയിരുന്നു. അതുകൊണ്ടു തന്നെ 2,224 പേർ വരുന്ന യാത്രക്കാർ ആരും ഇക്കാര്യം അറിഞ്ഞതുമില്ല.

തന്റെ വാദം ശരിയാണെങ്കിൽ ടൈറ്റാനിക് ജീവനക്കാരുടെ ഭാഗത്തു നിന്ന് കുറ്റകരമായ അനാസ്ഥയാണ് ഉണ്ടായതെന്നു സെനൻ ചൂണ്ടിക്കാണിക്കുന്നു. കപ്പലിന്റെ അവശിഷ്ടങ്ങളിൽ കറുത്ത പാട് കണ്ടെത്തിയത് തീപിടുത്തം നടന്നുവെന്ന തന്റെ വാദം ശരിവയ്ക്കുന്നുവെന്നും സെനനൻ പറയുന്നു. ബ്രിട്ടീഷ് റെക്ക് കമ്മീഷണർ ലോർഡ് മെർസിയുടെ നേതൃത്വത്തിലാണ് ടൈറ്റാനിക് ദുരന്തം അന്വേഷിച്ചത്.

ടൈറ്റാനിക് ദുരന്തത്തെക്കുറിച്ച് 30 വർഷമായി ഗവേഷണം നടത്തിയാണ് സെനൻ ഈ ഡോക്യുമെന്ററി തയ്യാറിക്കിയിരിക്കുന്നത്. 1912 ഏപ്രിൽ 15നാണ് ടൈറ്റാനിക് കന്നി യാത്ര പുറപ്പെട്ട് നാലാം ദിവസം മഞ്ഞുമലയിൽ ഇടിച്ച് തകർന്നത്. ടൈറ്റാനിക്കിലെ 2,224 യാത്രക്കാരിൽ 1500 പേരും അപകടത്തിൽ മരിച്ചിരുന്നു. 1912 മെയ് 2ന് ആണ് അന്വേഷണം തുടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News