എസ്പി രാഷ്ട്രീയ നാടകങ്ങളുടെ കൂത്തരങ്ങാകുന്നു; അഞ്ചാംതിയ്യതിയിലെ ദേശീയ കൺവെൻഷൻ മുലായം മാറ്റിവച്ചു; അഖിലേഷ് എംഎൽഎമാരുടെ യോഗം വിളിച്ചു

ലഖ്‌നൗ: എസ്പി രാഷ്ട്രീയ നാടകങ്ങളുടെ കൂത്തരങ്ങാകുകയാണ്. രാഷ്ട്രീയ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കി മുലായം സിംഗ് യാദവ് അഞ്ചാം തിയ്യതി വിളിച്ചു ചേർക്കാനിരുന്ന ദേശീയ കൺവെൻഷൻ മാറ്റിവച്ചു. ഇന്നലെ അഖിലേഷിനെ ദേശീയ അധ്യക്ഷനായി പ്രഖ്യാപിച്ച വിമത കൺവെൻഷനു ബദലായിട്ടാണ് മുലായം കൺവെൻഷൻ വിളിച്ചിരുന്നത്. സ്ഥാനാർഥികളോട് അവരവരുടെ നിയമസഭാ മണ്ഡലങ്ങളിൽ പോയി തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകാനാണ് മുലയാം നിർദേശം നൽകിയിരിക്കുന്നത്. അഖിലേഷ് യാദവിനൊപ്പമാണു ഭൂരിപക്ഷം ആളുകളുമെന്നാണു നിരീക്ഷണം.

ഇന്നലെ അഖിലേഷിനെ പാർട്ടി അധ്യക്ഷനായി പ്രഖ്യാപിച്ചതിനു പിന്നാലെ അഖിലേഷ് യാദവ് പാർട്ടി ആസ്ഥാനം പിടിച്ചെടുത്തിരുന്നു. ഇതിനെതിരെ മുലായം തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകിയേക്കും. അഖിലേഷിനെതിരായ ഏതൊരു നീക്കത്തിനും മുന്നോടിയായി നിയമോപദേശം തേടാൻ മുലായം തീരുമാനിച്ചിട്ടുണ്ട്. ഇതിനായി മുലായം നിയമവിദഗ്ധരെ കാണുന്നതിനു ദില്ലിയിലേക്കു തിരിച്ചു. ഇതുസംബന്ധിച്ച് മുലായവും അമർ സിംഗും ശിവ്പാൽ യാദവും കൂടിക്കാഴ്ച നടത്തി.

പാർട്ടിയുടെ ചുമതല ഏറ്റെടുത്തെന്നു കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ അഖിലേഷും തീരുമാനിച്ചതായി സൂചനയുണ്ട്. പാർട്ടി ചിഹ്നം അനുവദിക്കണമെന്ന ആവശ്യം അഖിലേഷ് ഉന്നയിക്കുമെന്നാണു കരുതുന്നത്. ഇന്നലെ ചേർന്ന പാർട്ടി യോഗത്തിൽ മുലായം സിംഗിനെ മാറ്റി അഖിലേഷ് യാദവ് ദേശീയ അധ്യക്ഷസ്ഥാനം ഏറ്റെടുത്തിരുന്നു. ലക്‌നൗവിലെ പാർട്ടി ആസ്ഥാനവും ഇന്നലെ അഖിലേഷ് ഏറ്റെടുത്തിരുന്നു.

പ്രഖ്യാപനം നാടകീയമായിരുന്നെങ്കിലും സമാജ്‌വാദിപാർട്ടിയിൽ മാസങ്ങളായി തുടരുന്ന അധികാരത്തർക്കത്തിന്റെ സ്വാഭാവിക പരിണാമമായിരുന്നു അഖിലേഷിന്റെ സ്ഥാനാരോഹണം. നിയമസഭാ തിരഞ്ഞെടുപ്പ് തൊട്ടരികിൽ നിൽക്കെയാണ് സമാജ്‌വാദി പാർട്ടിയുടെ ഘടന തന്നെ ഇളക്കിമറിച്ച നേതൃമാറ്റം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News