ദില്ലി: മതത്തിന്റെ പേരിൽ വോട്ട് പിടിക്കരുതെന്ന നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി. മതം, ജാതി, വംശം എന്നിവയുടെ പേരിൽ വോട്ട് ചോദിക്കരുത്. തെരഞ്ഞെടുപ്പ് മതേതര പ്രക്രിയയാണ്. അതിൽ മതം കലർത്തരുത്. മതത്തിന് അവിടെ സ്ഥാനമുണ്ടാകരുത്. സമുദായത്തിന്റെയോ ഭാഷയുടേയോ പേരിലും വോട്ടു പിടുത്തം പാടില്ല. വിശ്വാസം വ്യക്തിപരമാണ്. മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തിന്റെ തിരഞ്ഞെടുപ്പ് വ്യക്തിപരമായിരിക്കണമെന്നും കോടതി നിർദേശിച്ചു. ഹിന്ദുത്വം മതമായി പ്രചരിപ്പിച്ച് അതുപയോഗിച്ച് വോട്ട് പിടിക്കുന്നതിനെതിരായ ഒരുകൂട്ടം ഹർജികൾ തീർപ്പാക്കിക്കൊണ്ടാണ് കോടതി ഉത്തരവ്.
ഹിന്ദുത്വം ഒരു മതമല്ല എന്നു ചൂണ്ടിക്കാട്ടി സമർപിച്ചിരുന്ന ഹർജികളാണ് തീർപ്പാക്കിയത്. ഹിന്ദുത്വം മതമല്ല, ജീവിതരീതിയാണെന്നായിരുന്നു ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. ഏഴംഗ ഭരണഘടനാ ബെഞ്ചാണ് ഹർജി തീർപ്പാക്കിയത്. തെരഞ്ഞെടുപ്പ് ഒരു മതേതര പ്രക്രിയയാണ്. അതുകൊണ്ടു തന്നെ അത് മതേതരത്വത്തെ പിന്തുടർന്നു കൊണ്ടായിരിക്കണമെന്നും കോടതി വ്യക്തമാക്കി.
Get real time update about this post categories directly on your device, subscribe now.