‘പൊലീസുകാര്‍ക്ക് വര്‍ഗീയ മനസല്ല, മതനിരപേക്ഷ മനസാണ് വേണ്ടത്’; പതഞ്ജലിയുടെ കണ്ണൂരിലെ യോഗ ക്യാമ്പിനെതിരെ പി ജയരാജന്‍

കണ്ണൂര്‍: കണ്ണൂരില്‍ പൊലീസുകാര്‍ക്കായി പതഞ്ജലിയുടെ നേതൃത്വത്തില്‍ നടത്തുന്ന യോഗ ക്യാമ്പിനെതിരെ സിപിഐഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍. നിലവിലുള്ള യോഗ സിലബസ് മാറ്റി വിശാലവീക്ഷണത്തോട് കൂടി യോഗ പരിശീലിപ്പിക്കുന്നതിനുള്ള സിലബസ് അംഗീകരിക്കണമെന്ന് ഡിജിപിയോട് പി ജയരാജന്‍ ആവശ്യപ്പെട്ടു. പൊലീസുകാര്‍ക്ക് വര്‍ഗീയ മനസല്ല, മതനിരപേക്ഷ മനസാണ് വേണ്ടതെന്നും അദേഹം പറഞ്ഞു.

‘യോഗ മനുഷ്യന്റെ ശാരീരികവും മാനസികവുമായ കരുത്ത് വര്‍ധിപ്പിക്കുന്ന ഒരു പരിശീലന പരിപാടിയാണ്. പ്രകൃതിയുമായി സമരസപ്പെടുന്ന ആശയമാണ് അതിന്റെ പിന്നിലുള്ളത്. എന്നാല്‍ ചില മതസങ്കുചിത വാദികള്‍ അവരുടെ ആശയപ്രചരണത്തിന്റെ ഭാഗമായി യോഗ പരിശീലിപ്പിക്കുന്നുണ്ട്. അത്തരക്കാരുടെ പരിശീലന കളരിയായി പോലീസ് സേനയുടെ ഭാഗമായിട്ടുള്ള ആളുകള്‍ മാറരുത്.’

‘സംസ്ഥാനത്തെ പോലീസ് സേനാംഗങ്ങള്‍ക്ക് യോഗ പരിശീലിപ്പിക്കുന്നത് ഉചിതവും സ്വാഗതാര്‍ഹാവുമായിട്ടുള്ള കാര്യമാണ്. എന്നാല്‍ മതസങ്കുചിത വീക്ഷണമുള്ള പാഠ്യപദ്ധതിയാണ് ഇപ്പോഴത്തെ പരിശീലനത്തിന് ആധാരമാക്കുന്നത്. ഇത് ആശാസ്യമല്ല. പോലീസ് സേനയില്‍ മതനിരപേക്ഷതയാണ് പഠിപ്പിക്കേണ്ടത്.’

‘ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും വര്‍ഗ്ഗീയവല്‍ക്കരിക്കപ്പെട്ട പോലീസ് സേനയെ കുറിച്ചുള്ള പരാതികള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ കേരളത്തിലെ പോലീസ് സേന അതില്‍നിന്നും തികച്ചും വ്യത്യസ്തമാണ്. നിര്‍ഭാഗ്യവശാല്‍ അവര്‍ക്കിടയില്‍ തെറ്റായ ആശയം പ്രചരിപ്പിക്കാനുള്ള വേദിയായി ഇപ്പോഴത്തെ യോഗ സിലബസ് മാറുമോ എന്ന് ആശങ്കപ്പെടുന്നവര്‍ പോലീസ് സേനയില്‍ തന്നെ ഉണ്ട്. പോലീസ് സേനാംഗങ്ങള്‍ക്ക് വര്‍ഗ്ഗീയ മനസല്ല മതനിരപേക്ഷ മനസാണ് വേണ്ടത്.’

‘അത് കൊണ്ട് നിലവിലുള്ള യോഗ സിലബസ് മാറ്റി വിശാലവീക്ഷണത്തോട് കൂടി യോഗ പരിശീലിപ്പിക്കുന്നതിനുള്ള സിലബസ് അംഗീകരിക്കണമെന്ന് പോലീസ് മേധാവിയോട് അഭ്യര്‍ഥിക്കുകയാണ്.’


തലശേരി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ രാവിലെ ഏഴുമണിയോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഡിജിപിയുടെ സര്‍ക്കുലറിനെത്തുടര്‍ന്ന് തലശേരി ഡിവൈഎസ്പിയുടെ നിര്‍ദേശപ്രകാരമായിരുന്നു യോഗ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here