ഇന്ത്യയുടെ ആണവവാഹക മിസൈൽ അഗ്നി 4ന്റെ വിക്ഷേപണം വിജയകരം; വിക്ഷേപിച്ചത് 4000 കിലോമീറ്റർ പ്രഹരശേഷിയുള്ള മിസൈൽ

ഒഡിഷ: ഇന്ത്യയുടെ ആണവവാഹക മിസൈലായ അഗ്നി 4 വിജയകരമായി വിക്ഷേപിച്ചു. 4000 കിലോമീറ്റർ പ്രഹരശേഷിയുള്ള ആണവവാഹക മിസൈലാണ് അഗ്നി 4. ഒഡിഷയിലെ ബാലസോറിൽ നിന്ന് ഇന്നു ഉച്ചയോടെയായിരുന്നു വിക്ഷേപണം. രണ്ട് ഘട്ടമുള്ള ഉപരിതല ബാലിസ്റ്റിക് മിസൈലാണ് അഗ്നി 4. 20 മീറ്റർ നീളമുള്ള മിസൈലിന് 17 ടൺ ഭാരമുണ്ട്.

ഒരു ടൺ ആണ് മിസൈലിന്റെ ഭാര ശേഷി. 4,000 കിലോമീറ്റർ ദൂരത്തേക്ക് ഒരു ടൺ ആണവ യുദ്ധസാമഗ്രികൾ എത്തിക്കാൻ അഗ്നി 4നു സാധിക്കും. ഡിആർഡിഒ ആണ് അഗ്നി 4 നിർമിച്ചത്. ഇതിനു മുമ്പ് നാലുതവണ പരീക്ഷണ വിക്ഷേപണം നടത്തിയപ്പോഴും വിജയമായിരുന്നു. 2011, 2012, 2014, 2015 വർഷങ്ങളിലാണ് ഇതിനു മുമ്പ് അഗ്നി 4 പരീക്ഷണ വിക്ഷേപണം നടത്തിയത്.

നിലവിൽ അഗ്നി 4 സൈന്യത്തിന്റെ ഭാഗമാണ്. പാകിസ്താനെ ലക്ഷ്യമിട്ടാണ് അഗ്നി 4 നിർമിച്ചത്. കൃത്യമായ നിരീക്ഷണത്തിന്റെ ഫലമായി എല്ലാ തടസങ്ങളും മറികടന്നതായി പ്രതിരോധ മന്ത്രാലയം പ്രതികരിച്ചു. നവീനവും വിശ്വാസയോഗ്യവുമായ സങ്കേതങ്ങളാണ് മിസൈലിൽ ഉപയോഗിച്ചിരിക്കുന്നതെന്ന് ഡിആർഡിഒയും പറഞ്ഞു. ഡിസംബർ 26ന് ഡിആർഡിഒ അഗ്നി 5 വിജയകരമായി വിക്ഷേപിച്ചിരുന്നു.

ഭൂഖണ്ഡാന്തര മിസൈലായ അഗ്നി 5നു 5,000 കിലോമീറ്ററിനു മേൽ ദൂരപരിധിയുണ്ട്. അഗ്നി 5ന്റെ വിജയത്തോടെ ഏഷ്യ മുഴുവൻ ഇന്ത്യയുടെ പ്രഹര പരിധിയിലായി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here