ഇസ്താംബുൾ നിശാക്ലബ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു; അക്രമി ഉസ്‌ബെക്കിസ്താൻ സ്വദേശിയെന്നു തുർക്കി

ഇസ്താംബുൾ: ഇസ്താംബുൾ നിശാക്ലബിലുണ്ടായ വെടിവയ്പ്പിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. ഐഎസിന്റെ വാർത്താകുറിപ്പിന്റെ അടിസ്ഥാനത്തിൽ തുർക്കി മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. തുർക്കിയിൽ ആക്രമണം നടത്തിയത് ഐഎസ് കാലിഫേറ്റിലെ ഒരാളാണെന്ന് ഐഎസിന്റെ വാർത്താ കുറിപ്പിൽ പറയുന്നു. ക്രിസ്ത്യാനികൾ അവധി ആഘോഷിക്കുന്ന സ്ഥലമായതു കൊണ്ടാണ് നിശാക്ലബ് ആക്രമിച്ചതെന്നും വാർത്താകുറിപ്പിലുണ്ട്.

അതേസമയം നിശാക്ലബ് ആക്രമിച്ചത് ഉസ്‌ബെക്കിസ്താൻ സ്വദേശിയോ കിർഗിസ്താൻ സ്വദേശിയോ ആയിരിക്കാം എന്നാണ് തുർക്കി പറയുന്നത്. അക്രമിയെ ഇപ്പോഴും പിടികുടാനായിട്ടില്ല. അക്രമിക്കായി തെരച്ചിൽ തുടരുകയാണെന്ന് തുർക്കി സുരക്ഷാസേന അറിയിച്ചു. നിശാക്ലബിൽ നടന്നത് അടാടുർക്ക് എയർപോർട്ടിൽ നടന്ന ഭീകരാക്രമണത്തിനു സമാനമാണെന്നു അധികൃതർ പറയുന്നു. ഇക്കാര്യം അന്വേഷിച്ചു വരുകയാണ്. അന്വേഷണത്തിൽ ഇതും കൂടി പരിശോധിച്ച ശേഷമായിരിക്കും അന്വേഷണം പൂർത്തിയാക്കുക.

പുതുവർഷ പുലരിയിൽ നിശാക്ലബിലുണ്ടായ ഭീകരാക്രമണത്തിൽ 39 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിൽ രണ്ടു ഇന്ത്യക്കാരും ഉൾപ്പെടുന്നു. 40 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഒർടാകോയിലെ റെയ്‌ന നിശാക്ലബിലായിരുന്നു ആക്രമണം ഉണ്ടായത്. പ്രാദേശിക സമയം പുലർച്ചെ 1.30 ഓടെയായിരുന്നു ആക്രമണം. ക്ലബിലെത്തിയ അക്രമി ആളുകൾക്കു നേരെ പൊടുന്നനെ വെടിവയ്ക്കുകയായിരുന്നു. പുതുവർഷം ആഘോഷിക്കാൻ ക്ലബിൽ ഒത്തുകൂടിയവരാണ് ആക്രമണത്തിനു ഇരയായത്.

ഏതാണ്ട് 700ഓളം ആളുകൾ നിശാക്ലബിലുണ്ടായിരുന്നതായാണ് കണക്ക്. പെട്ടെന്നു ആക്രമണം ഉണ്ടായപ്പോൾ ചിലരൊക്കെ തൊട്ടടുത്ത പുഴയിലേക്ക് എടുത്തുചാടിയാണ് രക്ഷപ്പെട്ടത്. അക്രമികൾ അറബി ഭാഷയാണ് സംസാരിച്ചിരുന്നതെന്നു വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. തുർക്കിയിൽ ഭീകരാക്രമണം നടക്കുമെന്നു നേരത്തെ തന്നെ റിപ്പോർട്ടുണ്ടായിരുന്നു. ഇതേതുടർന്ന് സുരക്ഷയ്ക്കായി 17,000ത്തോളം പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു.

രണ്ടാഴ്ച മുമ്പാണ് റഷ്യൻ അംബാസഡറായ ആന്ദ്രേ കാർലോവ് തുർക്കിയിൽ വെടിയേറ്റു കൊല്ലപ്പെട്ടത്. ഓഫ് ഡ്യൂട്ടിയിലായിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥൻ അങ്കാറയിലെ ഒരു പൊതുചടങ്ങിനിടെ കാർലോവിനെ വെടിവച്ചു കൊല്ലുകയായിരുന്നു. പോയ വർഷം നിരവധി ആക്രമണങ്ങൾ തുർക്കിയിൽ അരങ്ങേറി. ഫെബ്രുവരിയിൽ അങ്കാറയിൽ സൈനികവ്യൂഹത്തിനു നേർക്കുണ്ടായ ആക്രമണത്തിൽ 28 പേരാണ് കൊല്ലപ്പെട്ടത്. മാർച്ച് 13നു കുർദിഷ് തീവ്രവാദികൾ നടത്തിയ ചാവേർ സ്‌ഫോടനത്തിൽ 37 പേർ കൊല്ലപ്പെട്ടു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here