പിന്‍വലിച്ച നോട്ട് ഇനി മാറ്റിയെടുക്കാനാവില്ല; മുന്‍ വാഗ്ദാനം തിരുത്തി റിസര്‍വ് ബാങ്ക്; പുതിയ നിര്‍ദ്ദേശം പ്രാബല്യത്തില്‍

ദില്ലി : പിന്‍വലിച്ച 500, 1000 നോട്ടുകള്‍ ഇനി സാധാരണക്കാര്‍ക്ക് ബാങ്കുകളില്‍ നിന്ന് മാറ്റി എടുക്കാനാവില്ല. പിന്‍വലിച്ച നോട്ടുകള്‍ ആര്‍ബിഐ ബാങ്ക് ഓഫീസുകളില്‍ മാര്‍ച്ച് 31 വരെ മാറിയെടുക്കാമെന്ന നിര്‍ദേശം പിന്‍വലിച്ചു. റിസര്‍വ് ബാങ്ക് തന്നെയാണ് മുന്‍നിര്‍ദ്ദേശം തിരുത്തി ഉത്തരവിറക്കിയത്.

2016 നവംബര്‍ 12ന് പുറത്തിറക്കിയ പത്രക്കുറിപ്പിലായിരുന്നു റിസര്‍വ് ബാങ്കിന്റെ വാഗ്ദാനം. ഡിസംബര്‍ 30ന് ശേഷം റിസര്‍വ്വ് ബാങ്ക് ഓഫീസുകളില്‍ കറന്‍സി മാറുവാന്‍ സൗകര്യമുണ്ടാകും. അതിനാല്‍ ജനങ്ങള്‍ ബാങ്കുകളില്‍ തിരക്കുകൂട്ടേണ്ടതില്ലെന്നും ആര്‍ബിഐ വ്യക്തമാക്കിയിരുന്നു. ഇതായിരുന്നു പത്രക്കുറിപ്പിലെ വാചകങ്ങള്‍.

RBI Press Release dt. Nov.12, 2016.

‘……..The scheme for exchange of the specified bank notes for other denominations is available all across the coutnry till December 30, 2016 and even beyond, at specified RBI offices. As there is ample time, people need not rush to exchange putting avoidable tsrain on the banking branch network’.

കേന്ദ്ര ഭരണാധികാരികളും പല സന്ദര്‍ഭങ്ങളിലും ഈ സൂചന നല്‍കുകയും ചെയ്തു. എന്നാല്‍ ഡിസംബര്‍ 31ന് ഇറക്കിയ പുതിയ ഉത്തരവില്‍ റിസര്‍വ്വ് ബാങ്ക് വാക്ക് മാറ്റി. പുതിയതായി പുറത്ത് വിട്ടിരിക്കുന്ന ആര്‍ബിഐ/201617/205 DCM(Plg)No 2170/10.27.00 201617/31/12/3016 നിര്‍ദേശ പ്രകാരം നവംബര്‍ 8 മുതല്‍ ഡിസംബര്‍ 30 വരെ വിദേശത്ത് ആയിരുന്ന ഇന്ത്യക്കാര്‍ക്കും വിദേശ ഇന്ത്യാക്കാര്‍ക്കും മാത്രമേ അസാധു നോട്ട് മാറുന്നതിന് അധികാരമുള്ളൂ. അത് തന്നെ ആര്‍ബിഐയുടെ ചെന്നൈ, മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി, നാഗ്പൂര്‍ ശാഖകളിലൂടെ മാത്രമേ സാധ്യമാകൂ.

ആര്‍ബിഐ ഗവര്‍ണറുടെ സത്യപ്രസ്താവനയുള്ള കേന്ദ്ര സര്‍ക്കാര്‍ ഗ്യാരന്റിയുള്ള കറന്‍സി, ആര്‍ബിഐ തന്നെ പുറത്തിറക്കിയ പത്രക്കുറിപ്പ് വിശ്വസിച്ച് കൈകളില്‍ സൂക്ഷിച്ചവര്‍ക്കാണ് ഈ ദുര്‍വിധി. ആര്‍ബിഐയുടെ മുന്‍പ്രസ്താവന കണക്കിലെടുത്ത് നിരവധി പേരാണ് ചൊവ്വാഴ്ച ആര്‍ബിഐ ബാങ്കുകളില്‍ നോട്ട് മാറാന്‍ എത്തിയത്. എന്നാല്‍ ഇവര്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ പോലും ഉദ്യോഗസ്ഥര്‍ക്കായില്ല.

അസാധുവാക്കിയ നോട്ടുകള്‍ അക്കൌണ്ടുകളില്‍ നിക്ഷേപിക്കാനുള്ള സമയപരിധി വെള്ളിയാഴ്ച അവസാനിച്ചിരുന്നു. ഇതിന് ശേഷം 31-ാം തീയതിയാണ് റിസര്‍വ് ബാങ്ക് പുതിയ ഉത്തരവ് പുറത്തിറക്കിയത്. ആര്‍ബിഐ കൗണ്ടറുകളില്‍ ഇനി പഴയ നോട്ടുകള്‍ മാറ്റാനെത്തുന്നവര്‍ എന്തുകൊണ്ട് ബാങ്കുകളില്‍ നിക്ഷേപിച്ചില്ലെന്നതിന് വിശദീകരണം നല്‍കേണ്ടിവരും എന്നും ബാങ്ക് ഉത്തരവിറക്കിയിരുന്നു.

മാര്‍ച്ച് 31ന് ശേഷം പഴയ നോട്ടുകള്‍ പത്തെണ്ണത്തില്‍ കൂടുതല്‍ കൈവശം വയ്ക്കുന്നത് ശിക്ഷാര്‍ഹമായ ക്രിമിനല്‍ കുറ്റമായി മാറ്റിയ ഓര്‍ഡിനന്‍സിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഫലത്തില്‍ അസാധു നോട്ടുകള്‍ കൈവശമുള്ള ഇന്ത്യക്കാര്‍ അവ മാറി എടുക്കാന്‍ സാധിക്കാതെ വരും.

നിരുത്തരവാദിത്വപരമായ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്നും മാര്‍ച്ച് 31 വരെ അസാധുവാക്കിയ കറന്‍സി റിസര്‍വ്വ് ബാങ്കിന്റെ എല്ലാ കൗണ്ടറുകളിലും മാറ്റിയെടുക്കുന്നതിന് സൗകര്യമൊരുക്കണമെന്നും ബെഫി ജനറല്‍ സെക്രട്ടറി എസ്എസ് അനില്‍ ആര്‍ബിഐയാടും കേന്ദ്ര സര്‍ക്കാരിനോടും ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here