യുപിയിൽ പുതിയ രാഷ്ട്രീയ കരുനീക്കവുമായി അഖിലേഷ് യാദവ്; തെരഞ്ഞെടുപ്പിൽ സമാജ്‌വാദി ജനതാ പാർട്ടിയുമായി കൈകോർത്തേക്കും

ദില്ലി: യുപിയിൽ പുതിയ രാഷ്ട്രീയ കരുനീക്കത്തിനൊരുങ്ങുകയാണ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. പിളർപ്പ് ഉറപ്പായ സാഹചര്യത്തിൽ സമാജ്‌വാദി പാർട്ടിയുടെ ഔദ്യോഗിക ചിഹ്നമായ സൈക്കിൾ അനുവദിച്ചു കിട്ടാനുള്ള തത്രപ്പാടിലാണ് മുലായവും അഖിലേഷും. അവകാശത്തർക്കത്തിനൊടുവിൽ ഇന്നലെ മുലായം സിംഗിന്റെ നേതൃത്തിലുളള സംഘം തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് സൈക്കിൾ ചിഹ്നത്തിൽ അവകാശം ഉന്നയിച്ചിരുന്നു. അഖിലേഷ് വിഭാഗത്തിനു വേണ്ടി ഇന്നു രാംഗോപാൽ യാദവ് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും.

അഥവാ തെരഞ്ഞെടുപ്പ് കമ്മീഷൻ സൈക്കിൾ ചിഹ്നം മരവിപ്പിക്കുകയാണെങ്കിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരു പ്ലാൻ ബി തയ്യാറാക്കിയിട്ടുണ്ട് അഖിലേഷ് ഇപ്പോൾ തന്നെ. ഇതിനായി അന്തരിച്ച ചന്ദ്രശേഖറിന്റെ രാഷ്ട്രീയ സമാജ്‌വാദി ജനതാ പാർട്ടിയുമായി കൈകോർക്കാനുള്ള ശ്രമത്തിലാണ് അഖിലേഷ്. അഖിലേഷിനു സൈക്കിൾ ചിഹ്നം അനുവദിച്ചു കിട്ടിയില്ലെങ്കിൽ എസ്‌ജെപി-ആറിന്റെ ചിഹ്നത്തിൽ മത്സരിക്കാനുള്ള പിന്തുണ അഖിലേഷ് ഉറപ്പാക്കിയിട്ടുണ്ട്. എസ്‌ജെപി-ആറിന്റെ നിലവിലെ അധ്യക്ഷൻ കമാൽ മൊറാക അഖിലേഷിനെ കണ്ട് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.

സമാജ് വാദി പാർട്ടി പിളർപ്പിന്റെ വക്കിൽ എത്തിനിൽക്കേയാണ് മുലായം ക്യാമ്പും അഖിലേഷ് ക്യാമ്പും സൈക്കിൾ ചിഹ്നം നേടാനായി നീക്കങ്ങൾ ശക്തമാക്കിയത്. ദില്ലിയിൽ മുലായം സിംഗ് യാദവിന്റെ വസതിയിൽ യോഗം ചേർന്നതിനുശേഷം മുലായം, ശിവ്പാൽ യാദവ്, അമർ സിംഗ്, ജയപ്രദ എന്നിവർ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. സമാജ് വാദി പാർട്ടിയുടെ തലവൻ ഇപ്പോഴും മുലായം സിംഗ് ആണെന്നും ചിഹ്നത്തിലുള്ള അവകാശം ഔദ്യോഗിക പക്ഷത്തിനാണെന്നും ഇവർ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു.

നിലവിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കൈവശമുള്ള രേഖകൾ പ്രകാരം ചിഹ്നത്തിന്റെ ഉടമസ്ഥാവകാശം മുലായം അധ്യക്ഷനായ സമാജ് വാദി പാർട്ടിക്കാണ്. എന്നാൽ കഴിഞ്ഞ ദിവസം ചേർന്ന ദേശീയ കൺവെൻഷനിൽ നേതൃത്വം മാറിയെന്നും ചിഹ്നം വേണമെന്നുമാണ് അഖിലേഷ് യാദവ് പക്ഷം വാദിക്കുന്നത്. ചിഹ്നത്തിൽ അവകാശം ഉന്നയിച്ച് രാംഗോപാൽ യാദവ് ഇന്നു തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും. ദേശീയ കൺവെൻഷന്റെ വീഡിയോ ദൃശ്യങ്ങളും കൺവെൻഷൻ പാസാക്കിയ പ്രമേയത്തിന്റെ പകർപ്പും തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News