ജനുവരിയിലെ ശമ്പള-പെൻഷൻ വിതരണം ഇന്നു ആരംഭിക്കും; പണം അക്കൗണ്ടുകളിൽ എത്തുമെന്നു ധനമന്ത്രി; നോട്ട് ക്ഷാമത്തിനു ഇപ്പോഴും പൂർണ പരിഹാരമായില്ല

തിരുവനന്തപുരം: നോട്ട് നിരോധനത്തിനു ശേഷമുള്ള രണ്ടാമത്തെ ശമ്പളദിനമാണ് ഇന്ന്. ജനുവരി മാസത്തെ ശമ്പളവും പെൻഷൻ വിതരണവും ഇന്നു ആരംഭിക്കും. എന്നാൽ, ശമ്പളം മൊത്തമായും കൃത്യമായും നൽകാൻ കഴിയുമോ എന്ന ആശങ്ക ഇപ്പോഴും ബാക്കിയുണ്ട്. പണം അക്കൗണ്ടുകളിൽ എത്തുമെന്നു ധനമന്ത്രി തോമസ് ഐസക്ക് ഉറപ്പു നൽകിയിട്ടുണ്ട്. എന്നാൽ, മന്ത്രി തന്നെ നേരത്തെ പറഞ്ഞതു പോലെ പണമുണ്ട് പക്ഷേ നോട്ടില്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. കറൻസി ക്ഷാമം ഇപ്പോഴും പൂർണമായും പരിഹരിക്കപ്പെട്ടിട്ടില്ല. ആവശ്യപ്പെട്ട മുഴുവൻ തുകയും റിസർവ് ബാങ്കിൽ നിന്നും ലഭിച്ചതുമില്ല.

കൃത്യമായി ശമ്പളവും പെൻഷനും നൽകാൻ 1390 കോടി രൂപ വേണം. എന്നാൽ റിസർവ് ബാങ്ക്് നൽകിയത് 600 കോടി രൂപ മാത്രമാണ്. എസ്ബിടിക്ക് നൽകിയിരിക്കുന്നത് 400 കോടി രൂപയും. എറ്റവും കൂടുതൽ ശമ്പള അക്കൗണ്ടുകൾ എസ്ബിടിയിലാണ് എന്നത് ജീവനക്കാരുടെ ആശങ്ക വർധിപ്പിക്കുന്നു. ഇപ്പോൾ നൽകിയിരിക്കുന്ന തുക മൂന്നു ദിവസങ്ങൾക്കുള്ളിൽ തീരും എന്നാണ് വിലയിരുത്തൽ. അങ്ങനെയെങ്കിൽ ശമ്പളം കഴിഞ്ഞ മാസത്തെ പോലെ പ്രതിസന്ധിയിലാകും. ചുരുക്കത്തിൽ ഇത്തവണയും കാത്തിരിപ്പ് തന്നെ.

സർക്കാർ സ്ഥാപനങ്ങൾക്ക് അവധി ആയിരുന്നതിനാൽ ഇന്നലെ ബാങ്കുകളിൽ തിരക്ക് കുറവായിരുന്നു. പക്ഷേ ഗ്രാമങ്ങളിലെ ബാങ്കുകളിൽ ഇപ്പോഴും തിരക്കിനു കുറവൊന്നുമില്ല. കേരളത്തിലെ സമ്പദ് വ്യവസ്ഥ നഗരകേന്ദ്രീകൃതമായി മാറുകയാണെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നേരത്തെ പ്രഖ്യാപിച്ച പല പദ്ധതികളും നടപ്പാക്കാൻ കാലതാമസം നേരിടുന്ന അവസ്ഥയാണുള്ളത്. പൊതുമരാമത്ത് പണികൾ ഉൾപ്പെടെ നിർത്തിവെയ്‌ക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.

അതേസമയം കെഎസ്ആർടിസി പ്രതിസന്ധി പരിഹരിക്കുന്നതിന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ ഇന്നു തൊഴിലാളി പ്രതിനിധികളുമായി ചർച്ച നടത്തും. ഉച്ചയ്ക്ക് മന്ത്രിയുടെ ചേംബറിലാണ് ചർച്ച നടക്കുക. പെൻഷൻ വിതരണത്തിലെ അപാകതയും ശമ്പള വിതരണത്തിലെ കാലതാമസവും തൊഴിലാളികൾ ചൂണ്ടിക്കാട്ടും. വരുന്ന ദിസങ്ങളിൽ ചില ട്രേഡ് യൂണിയനുകൾ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് ചർച്ച നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News