പ്രതിപക്ഷം പോരെന്ന വിമർശനത്തിനിടെ യുഡിഎഫ് യോഗം ഇന്നു ചേരും; ഘടകകക്ഷികളും കോൺഗ്രസിൽ നിന്നു തന്നെയും വിമർശനം ഉയർന്നേക്കും

തിരുവനന്തപുരം: പ്രതിപക്ഷം ശക്തമായി പ്രവർത്തിക്കുന്നില്ലെന്ന വിമർശനം കോൺഗ്രസിൽ നിന്നു തന്നെ ഉയർന്ന സാഹചര്യത്തിൽ യുഡിഎഫ് നേതൃയോഗം ഇന്നു തിരുവനന്തപുരത്തു ചേരും. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് എതിരായ സമരങ്ങൾക്ക് രൂപം നൽകുക എന്നതാണ് യോഗത്തിന്റെ പ്രധാന അജണ്ട. സർക്കാരിനെതിരായ സമരങ്ങൾക്ക് മൂർച്ച പോര എന്ന വിമർശനം ഘടകകക്ഷികൾ ഉന്നയിക്കാനാണ് സാധ്യത. കോൺഗ്രസിലെ ചേരിപ്പോര് പ്രതിപക്ഷനിരയുടെ ശോഭ കെടുത്തുന്നു എന്ന വിമർശനം ലീഗ് അടക്കമുളള കക്ഷികൾ ഉന്നയിച്ച പശ്ചാത്തിലാണ് യോഗം ചേരുന്നത്. പ്രതിപക്ഷനേതാവിന്റെ ഔദ്യോഗികവസതിയായ കന്റോൺമെന്റ് ഹൗസിൽ രാവിലെ 10 മണിക്കാണ് യോഗം ചേരുക.

പ്രതിപക്ഷം കാര്യമായി പ്രവർത്തിക്കുന്നില്ലെന്ന വിമർശനം ഉന്നയിച്ചത് കെ.മുരളീധരൻ ആയിരുന്നു. കെപിസിസി പ്രസിഡന്റ് വി.എം സുധീരനെ ഉന്നമിട്ടാണു കെ.മുരളീധരൻ പ്രതിപക്ഷ പ്രവർത്തനം പോരെന്നു വിമർശിച്ചതെങ്കിലും അതു കൊണ്ടതു പലരിലുമാണ്. മുരളിയെ പിന്തുണച്ച് ലീഗും രംഗത്തെത്തിയതോടെ വിമർശനം കൊഴുത്തു. രംഗം തണുപ്പിക്കാൻ രമേശ് ചെന്നിത്തല ശ്രമിച്ചെങ്കിലും കോൺഗ്രസിൽ കലഹം മൂർച്ഛിക്കുകയായിരുന്നു.

ഓരോ ഘട്ടത്തിലും കോൺഗ്രസിനകത്ത് ഓരോ പ്രശ്‌നങ്ങൾ ഉയർന്നുവരികയും അതു മുന്നണിയെ ബാധിക്കുന്ന സ്ഥിതിയാവുകയും ചെയ്യുന്നു എന്ന വിമർശനം ലീഗ് അടക്കമുള്ളവർക്കുണ്ട്.
കോൺഗ്രസ് യോജിച്ചു നീങ്ങിയേ തീരൂ എന്ന ആവശ്യം യോഗത്തിൽ ഉയരാൻ എല്ലാ സാധ്യതയുമുണ്ട്. കേന്ദ്രത്തിനെതിരെ യോജിച്ച സമരം എന്ന ആശയം തകർത്തതും കോൺഗ്രസിലെ അനൈക്യമാണെന്നു ലീഗ് കരുതുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here