ഇടുക്കി: കുട്ടിക്കാനം സ്വകാര്യ എസ്റ്റേറ്റിൽ യുവതിയുടെ നഗ്നമൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അയൽക്കാരനായ ഇരുപതുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബലാൽസംഗത്തിനിടെയാണ് ഒഡിഷ സ്വദേശിനിയായ സബിത മാജി കൊല്ലപ്പെട്ടതെന്നാണ് പൊലീസ് സംശയിക്കുന്നത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പൊലീസ് നടത്തിയ തെളിവെടുപ്പിനിടെ പൊലീസ് നായ ഓടിക്കയറിയത് യുവതിയുടെ വീടിനടുത്തുള്ള രണ്ടു വീടുകളിലായിരുന്നു. അതുകൊണ്ടാണ് അയൽക്കാരും യുവതിയുടെ ഭർത്താവും അടക്കം മൂന്നു പേരെ കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിൽ അയൽക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് കുട്ടിക്കാനത്തെ കള്ളിമലയിലെ കാപ്പിത്തോട്ടത്തിൽ ഒഡിഷ സ്വദേശിനിയായ സബിത മാജിയുടെ മൃതദേഹം കണ്ടെത്തിയത്. പൂർണ നഗ്നമായ നിലയിലായിരുന്നു മൃതദേഹം. കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചതും. കാപ്പിത്തോട്ടത്തിൽ ജോലിക്കു പോയ ഭർത്താവ് കുന്ദൻ മാജി വീട്ടിൽ തിരിച്ചെത്തിയപ്പോൾ സബിതയെ കാണാനില്ലായിരുന്നു. തുടർന്ന് കുന്ദനും സുഹൃത്തുക്കളും ചേർന്ന് നടത്തിയ തിരച്ചിലിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഒരു വർഷം മുമ്പാണ് കുന്ദൻ മാജിയും സബിതയും ജോലി തേടി പീരുമേട്ടിലെത്തിയത്.
ഞായറാഴ്ച രാവിലെ സബിതയെയും കുഞ്ഞിനെയും അടുത്ത വീട്ടിലാക്കി കുന്ദൻ മാജി ജോലിക്കു പോയതായിരുന്നു. തിരികെ എത്തിയപ്പോഴാണ് ഭാര്യയെ കാണാനില്ലെന്നു അറിഞ്ഞത്. തുടർന്ന് കുന്ദനും ബന്ധുക്കളും തിരച്ചിൽ ആരംഭിച്ചു. സാധരണ ഞായറാഴ്ചകളിൽ ആൾ താമസമില്ലാത്ത സ്ഥലങ്ങളിൽ നിന്ന് വിറക് ശേഖരിക്കുന്ന പതിവ് സബിതയ്ക്കുണ്ടായിരുന്നു. അതുകൊണ്ടാണ് ഭർത്താവും ബന്ധുക്കളും ഇവിടെ തിരച്ചിൽ നടത്തിയത്.
വിവസ്ത്രയായ നിലയിൽ കാട്ടിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുറ്റിക്കാട്ടിൽ ആരും കാണാത്തയിടത്താണ് മൃതദേഹം ഒളിപ്പിച്ചിരുന്നത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി പത്തിലധികം വെട്ടേറ്റ പാടുകളുണ്ട്. 100 മീറ്ററോളം വലിച്ചുകൊണ്ട് പോയാണ് മൃതദേഹം കുറ്റിക്കാട്ടിലൊളിപ്പിച്ചത്. കോട്ടയത്തു നിന്ന് ഫൊറൻസിക് വിദഗ്ധരും ഇടുക്കിയിൽ നിന്ന് ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് നായ യുവതി താമസിച്ചിരുന്ന വീടിന് തൊട്ടടുത്തത്തുള്ള രണ്ട് വീട്ടുകളിലെത്തി. അതിനാൽ ഈ വീടുകളിൽ താമസിച്ചവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

Get real time update about this post categories directly on your device, subscribe now.