രണ്ടുവർഷം മുമ്പ് കാണാതായ കൃഷ്ണകുമാറിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി; മൃതദേഹം ഉപേക്ഷിച്ചത് ചിന്നക്കടയിലെ സെപ്റ്റിക് ടാങ്കിൽ; ഒരാള്‍ അറസ്റ്റില്‍

കൊല്ലം: രണ്ടു വർഷം മുമ്പ് കൊല്ലത്തു നിന്ന് കാണാതായ കൃഷ്ണകുമാർ എന്ന യുവാവിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. ചിന്നക്കടയിലെ ഒരു സെപ്റ്റിക് ടാങ്കിൽ നിന്നാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. രണ്ടുവർഷം മുമ്പ് കൊല്ലം ചിന്നക്കടയിൽ നിന്നു കാണാതായ കൃഷ്ണകുമാർ കൊല്ലപ്പെട്ടതാണെന്നു കഴിഞ്ഞ ദിവസം പൊലീസിനു വ്യക്തമായിരുന്നു. കൃഷ്ണകുമാറിനെ നാലു പേര്‍ മദ്യവും കഞ്ചാവും നൽകി മയക്കിയ ശേഷം കുത്തിയും തലയ്ക്ക് കല്ലു കൊണ്ടടിച്ചും കൊലപ്പെടുത്തുകയായിരുന്നെന്നു സംഘത്തിലുണ്ടായിരുന്ന ഒരാൾ തന്നെയാണ് വെളിപ്പെടുത്തിയത്.

വെളിപ്പെടുത്തൽ നടത്തിയ അൻസാർ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. മറ്റു മൂന്നു പേർക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഇന്നലെ അവധിയായതിനാൽ മൃതദേഹത്തിനായി മണ്ണുമാറ്റിയുള്ള തെരച്ചിൽ ഇന്നത്തേക്കു മാറ്റുകയായിരുന്നു. കൃഷ്ണകുമാറിനെ കൊല്ലം എഫ്‌സിഐ ഗോഡൗൺ പരിസരത്തു വച്ച് കൊലപ്പെടുത്തിയതാണെന്നാണ് സംഘത്തിൽപ്പെട്ട അൻസർ വെളിപ്പെടുത്തിയത്. മൃതദേഹം സെപ്റ്റിക് ടാങ്കിൽ തള്ളിയെന്നും കായലിൽ ഒഴുക്കിയെന്നും വ്യത്യസ്ത മൊഴികൾ ഇയാൾ നൽകിയിരുന്നു. ഇതനുസരിച്ചാണ് എഫ്‌സിഐ ഗോഡൗണിനു പരിസരത്തെ സെപ്റ്റിക് ടാങ്കിൽ പൊലീസ് പരിശോധന നടത്തിയത്.

2014 നവംബർ 11നാണ് കൃഷ്ണകുമാറിനെ കാണാതായത്. വൈകിട്ട് ആറിന് വീട്ടിൽനിന്ന് മീൻ വാങ്ങാനായി ചിന്നക്കടയിൽ പോയ കൃഷ്ണകുമാറിനെ കണാതാകുകയായിരുന്നു. അമ്മ രാജമ്മ പൊലീസിനും സർക്കാരിനും മജിസ്‌ട്രേട്ട് കോടതിയിലും പരാതി നൽകി. എന്നാൽ, മകനെ കണ്ടെത്താൻ നടപടി ഉണ്ടാകാത്തതിനെതുടർന്ന് ഹൈക്കോടതിയെ സമീപിച്ചു.

2014 സെപ്തംബർ 23ന് ഈസ്റ്റ് സ്റ്റേഷനിലെ പൊലീസുകാർ കൃഷ്ണകുമാറിനെയും സുഹൃത്തുക്കളായ അശോകൻ, ബിജു എന്നിവരെയും അന്യായമായി കസ്റ്റഡിയിലെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ് സ്‌റ്റേഷൻ ലോക്കപ്പിലടച്ച് മൃഗീയമായി മർദിച്ചതായി രാജമ്മ ഹൈക്കോടതിയിൽ നൽകിയ പരാതിയിൽ പറഞ്ഞു. ഇരുമ്പുവടികെണ്ടുള്ള മർദനത്തിൽ കൃഷ്ണകുമാറിന് മാരകമായി പരിക്കേറ്റു.

കൃഷ്ണകുമാറിനെ ഒരുമാസത്തോളം റിമാൻഡ് ചെയ്തു. ഒക്ടോബർ 31ന് കൃഷ്ണകുമാർ ജാമ്യം നേടി. ഈ അവസരത്തിൽ നിന്നെ സമാധാനമായി ജീവിക്കാൻ അനുവദിക്കില്ലെന്ന് എസ്‌ഐ ഭീഷണിപ്പെടുത്തിയത്രെ. നേരത്തെ ആളുതെറ്റി കൃഷ്ണകുമാറിന്റെ മനോരോഗിയായ സഹോദരൻ രവിയെ എസ്‌ഐ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദിച്ചിരുന്നു. സംഭവത്തിൽ കൃഷ്ണകുമാർ എസ്‌ഐക്കെതിരെ ഡിജിപിക്ക് പരാതി നൽകി. അന്വേഷണത്തെതുടർന്ന് എസ്‌ഐയെ സർവീസിൽനിന്ന് സസ്‌പെന്റ് ചെയ്തു.

ഈ വിരോധത്തിലാണ് എസ്‌ഐയുടെ നിർദേശപ്രകാരം പുള്ളിക്കട കോളനിയിൽനിന്ന് കൃഷ്ണകുമാറിനെ കൊല്ലം ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്നാണ് കൃഷ്ണകുമാറിനെ കാണാതായത്. പൊലീസ് കസ്റ്റഡിയിലെടുത്തശേഷം എന്തുസംഭവിച്ചു എന്നത് അജ്ഞാതമാണെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് അമ്മ രാജമ്മ ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി നൽകി. കൃഷ്ണകുമാർ ആന്ധ്രയിൽ ഉണ്ടെന്ന് പൊലീസ് കോടതിയിൽ സ്റ്റേറ്റ്‌മെന്റ് നൽകി. അന്വേഷിച്ച് കണ്ടെത്താമെന്ന ഉറപ്പും കോടതിക്ക് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് കോടതി അവസാനിപ്പിച്ചു. എന്നാൽ, അന്വേഷണം നടന്നില്ല.

രാജമ്മ കൊല്ലം ജുഡീഷ്യൽ ഫസ്റ്റ്ക്‌ളാസ് മജിസ്‌ട്രേട്ട് കോടതിയിൽ ഹർജി ഫയൽ ചെയ്തു. ഈസ്റ്റ് സ്റ്റേഷനിലെ സിഐയുടെ അന്വേഷണം കാര്യക്ഷമമല്ലെന്ന് രാജമ്മ ഹൈക്കോടതിയിൽ ക്രിമിനൽ ഹർജി ഫയൽ ചെയ്തു. ഈ ഹർജി പരിഗണിച്ച ഹൈക്കോടതി ജസ്റ്റിസ് രാജ വിജയരാഘവൻ അന്വേഷണം നിലവിലുള്ള ഉദ്യോഗസ്ഥരിൽനിന്ന് മാറ്റി ഡിവൈഎസ്പിയെ ചുമതലപ്പെടുത്താൻ ഉത്തരവായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here