ബിസിസിഐ നിയമനം; ഫാലി എസ് നരിമാൻ പിൻമാറി; അനിൽ ബി ദിവാൻ പുതിയ അമിക്കസ് ക്യൂറി

ദില്ലി: ബിസിസിഐ നിയമനത്തിനുള്ള അമിക്കസ് ക്യൂറി സ്ഥാനം ഏറ്റെടുക്കാനില്ലെന്നു ഫാലി എസ് നരിമാൻ. അമിക്കസ് ക്യൂറി സ്ഥാനത്തു നിന്ന് പിൻമാറുന്നതായി ഫാലി എസ് നരിമാൻ സുപ്രീംകോടതിയിൽ അറിയിച്ചു. അപേക്ഷ അംഗീകരിച്ച കോടതി മറ്റൊരാളെ പകരം അമിക്കസ് ക്യൂറിയായി നിയമിക്കുകയും ചെയ്തു. അനിൽ ബി ദിവാനെയാണ് പുതിയ അമിക്കസ് ക്യൂറിയായി നിയമിച്ചത്. ഇന്നലെ ബിസിസിഐ പ്രസിഡന്റ് അനുരാഗ് താക്കൂറിനെയും സെക്രട്ടറി അജയ് ഷിർക്കെയെയും സ്ഥാനത്തു നിന്ന് സുപ്രീംകോടതി പുറത്താക്കിയിരുന്നു.

തുടർന്ന് പുതിയ അംഗങ്ങളെ നിയമിക്കുന്നതിനാണ് സുപ്രീംകോടതി അമിക്കസ് ക്യൂറിയെ നിയമിച്ചത്. എന്നാൽ, ബിസിസിഐക്ക് ആളെ നിർദേശിക്കുന്നതു തനിക്ക് ചമ്മലുണ്ടാക്കുന്നതായി ഫാലി എസ് നരിമാൻ പറഞ്ഞു. അതുകൊണ്ട് തന്നെ അമിക്കസ് ക്യൂറി സ്ഥാനത്തു നിന്ന് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് ഫാലി എസ് നരിമാനെ ഒഴിവാക്കി ഗോപാൽ സുബ്രഹ്മണ്യത്തിനൊപ്പം അമിക്കസ് ക്യൂറിയായി അനിൽ ദിവാനെ നിയമിച്ചത്.

ഇന്നലെയാണ് അനുരാഗ് താക്കൂറിനെയും അജയ് ഷിർക്കെയെയും സുപ്രീംകോടതി പുറത്താക്കിയത്. ലോധ കമ്മിറ്റി ശുപാർശകൾ നടപ്പാക്കാത്തതിനെ തുടർന്നായിരുന്നു നടപടി. ക്രിക്കറ്റിനെ അഴിമതി വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ആർ.എം. ലോധയുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപവത്കരിച്ചിരുന്നത്. ബിസിസിഐയ്ക്ക് പുതിയ ഭരണ സമിതിയെ നിയമിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News