റേഷൻ പ്രതിസന്ധിയിൽ കേന്ദ്രത്തിനെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി എൽഡിഎഫ്; ഫെബ്രുവരി 18നു രാജ്ഭവൻ മാർച്ച് നടത്തും; പ്രതിസന്ധി മുന്‍ യുഡിഎഫ് സർക്കാർ മൂലം

തിരുവനന്തപുരം: റേഷൻ പ്രതിസന്ധിയിൽ കേന്ദ്രസർക്കാരിനെതിരെ സമരം ശക്തമാക്കാനൊരുങ്ങി എൽഡിഎഫ്. ശക്തമായ പ്രക്ഷോഭത്തിന്റെ ആദ്യത്തെ പടിയെന്നോണം രാജ്ഭവൻ മാർച്ച് നടത്തും. അടുത്തമാസം 18നാണ് രാജ്ഭവൻ മാർച്ച് നടത്തുക. ഇന്നു ചേർന്ന എൽഡിഎഫ് നേതൃയോഗത്തിലാണ് പുതിയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാൻ തീരുമാനമായത്. സംസ്ഥാനത്ത് റേഷൻ പ്രതിസന്ധിയിലാകാൻ കാരണം മുൻ യുഡിഎഫ് സർക്കാരാണെന്നു എൽഡിഎഫ് യോഗം കുറ്റപ്പെടുത്തി. ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതിൽ യുഡിഎഫ് വീഴ്ച വരുത്തിയതു കൊണ്ടാണ് ഇതു സംഭവിച്ചതെന്നും എൽഡിഎഫ് കുറ്റപ്പെടുത്തി.

ഭക്ഷ്യഭദ്രതാ നിയമം കഴിഞ്ഞ എൽഡിഎഫ് സർക്കാർ തുടങ്ങി വച്ചതായിരുന്നു. എന്നാൽ, ഇതു തുടരുന്നതിൽ തുടർന്നു വന്ന യുഡിഎഫ് സർക്കാർ വീഴ്ച വരുത്തി. ഇത് അംഗീകരിക്കാവുന്ന നടപടിയല്ല. കാര്യക്ഷമമായ ഇടപെടൽ കഴിഞ്ഞ സർക്കാരിന്റെ കാലത്തു തന്നെ നടത്തണമായിരുന്നു. പണ്ട് 1967-ൽ കേരളം നടത്തിയ ഇടപെടലിന്റെ ഭാഗമായിട്ടാണ് സ്റ്റാറ്റിയൂട്ടറി റേഷൻ നിലവിൽ വന്നതെന്നും എൽഡിഎഫ് യോഗം വിലയിരുത്തി.

റേഷൻ പ്രതിസന്ധിക്കു കാരണം കഴിഞ്ഞ യുഡിഎഫ് സർക്കാരാണെന്നു ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തെ റേഷൻ പ്രതിസന്ധി എൽഡിഎഫ് സർക്കാർ ഉണ്ടാക്കിയതാണെന്ന തരത്തിലുള്ള പ്രചാരണങ്ങൾ ശരിയല്ല. രാജ്യമൊട്ടാകെ നിലവിൽവന്ന ഭക്ഷ്യസുരക്ഷാ നിയമം കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് തന്നെ നടപ്പാക്കേണ്ടതായിരുന്നു. എന്നാൽ കഴിഞ്ഞ സർക്കാർ നിയമം നടപ്പാക്കുന്നതിനാവശ്യമായ നടപടികളൊന്നും സ്വീകരിക്കാതെ പലകാരണങ്ങൾ പറഞ്ഞ് അവധി നീട്ടിവാങ്ങി.

പുതിയ സർക്കാർ അധികാരത്തിൽ വരുമ്പോഴേക്കും കേരളമല്ലാത്ത മറ്റെല്ലാ സംസ്ഥാനങ്ങളും നിയമം നടപ്പാക്കിക്കഴിഞ്ഞിരുന്നു. നിയമം ഇനിയും നടപ്പാക്കാത്ത കേരളത്തിന് അരി തരാൻ നിർവാഹമില്ലെന്നായിരുന്നു കേന്ദ്രസർക്കാർ നിലപാട്. എന്നാൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം റേഷൻ പ്രതിസന്ധിയുണ്ടായി എന്ന രീതിയിലാണ് പ്രചാരണങ്ങളെന്നും പിണറായി പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like