സംസ്ഥാനത്തെ മുഴുവൻ തീയറ്ററുകളും അടച്ചിട്ട് സമരം ചെയ്യാൻ ആലോചന; എ ക്ലാസുകൾക്ക് സാമ്പത്തിക പ്രതിസന്ധിയെന്നു എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ

കൊച്ചി: സംസ്ഥാനത്തെ മുഴുവൻ എ ക്ലാസ് തീയറ്ററുകളും അടച്ചിട്ട് സമരം ചെയ്യാൻ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ ആലോചിക്കുന്നു. പുതിയ സിനിമകൾ റിലീസ് ചെയ്യാതിരുന്നതിനൊപ്പം നിലവിൽ പ്രദർശിപ്പിച്ചിരുന്ന സിനിമകളും എ ക്ലാസുകളിൽ നിന്ന് പിൻവലിച്ചിരുന്നു. ഇതോടെ എ ക്ലാസ് തീയറ്ററുകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായെന്നു ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ പറയുന്നു. ഇതോടെയാണ് സംസ്ഥാനത്തെ മുഴുവൻ എ ക്ലാസ് തീയറ്ററുകളും അടച്ചിടാൻ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ ആലോചിക്കുന്നത്. ഇക്കാര്യം 10ന് കൊച്ചിയിൽ ചേരുന്ന യോഗത്തിൽ തീരുമാനിക്കും.

10-ാം തിയ്യതി ചേരുന്ന യോഗത്തിൽ തീയറ്ററുകൾ അടച്ചിടാനാണ് തീരുമാനം എങ്കിൽ അന്നുമുതൽ ഇപ്പോൾ പ്രദർശനം നടക്കുന്ന എ ക്ലാസ് തീയറ്ററുകളും അടഞ്ഞു കിടക്കും. ഇപ്പോൾ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്ന അന്യഭാഷ ചിത്രങ്ങൾ ഉപയോഗിച്ചാണ് തീയറ്ററുകൾ പ്രവർത്തിപ്പിക്കുന്നത്. പുതിയ മലയാള സിനിമകൾ ഒന്നും റിലീസ് ചെയ്തിരുന്നില്ല. പുറമേ നിലവിൽ തീയറ്ററിലുണ്ടായിരുന്ന മലയാള ചിത്രങ്ങളും പിൻവലിച്ചിരുന്നു. ഇതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.

ക്രിസ്മസിന് മുൻപ് ആരംഭിച്ച സിനിമ പ്രതിസന്ധി അവസാനിപ്പിക്കാൻ സർക്കാർ ആദ്യം വിളിച്ച യോഗം പരാജയപ്പെട്ടിരുന്നു. തീയറ്ററുടമകളും നിർമാതാക്കളും വിതരണക്കാരും തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിന്നതോടെയാണ് ചർച്ച പരാജയപ്പെട്ടത്. പിന്നീട് സിനിമ മേഖലയിലെ സംഘടന നേതാക്കൾ പരസ്പരം ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിച്ചതല്ലാതെ സമരം തീർക്കാൻ ആരും മുൻകൈയെടുത്തില്ല.

പുതിയ മലയാള സിനിമയുടെ റിലീസ് മുടങ്ങിയതോടെ കോടികളുടെ നഷ്ടമാണ് ഇതുവരെ ഉണ്ടായിരിക്കുന്നത്. സൂപ്പർ താരങ്ങളുടേത് ഉൾപ്പടെ ക്രിസ്മസ് റിലീസ് ആയി പുറത്തിറങ്ങേണ്ടിയിരുന്ന ചിത്രങ്ങളാണ് സമരം തീരുന്നതും കാത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News