കോൺഗ്രസിനെതിരെ നിലപാട് കടുപ്പിച്ച് ലീഗ്; തമ്മിലടി തീർത്തിട്ടു മതി സമരം ചെയ്യുന്നത്; ഇങ്ങനെ പോയിട്ട് കാര്യമില്ലെന്നും ലീഗ്

തിരുവനന്തപുരം: കോൺഗ്രസിനെതിരെ നിലപാട് കടുപ്പിച്ച് മുസ്ലിംലീഗ്. കോൺഗ്രസിലെ തമ്മിലടിയെയാണ് ലീഗ് രൂക്ഷമായി വിമർശിച്ചത്. യുഡിഎഫ് യോഗത്തിലാണ് രൂക്ഷവിമർശനവുമായി ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയത്. കോൺഗ്രസിലെ തമ്മിലടി തീർത്തിട്ടു മതി സമരം ചെയ്യുന്നതെന്നു കുഞ്ഞാലിക്കുട്ടി ശക്തമായ നിലപാടെടുത്തു. സമരം ചെയ്യണമെങ്കിൽ യോജിപ്പ് വേണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇങ്ങനെ പോയിട്ട് കാര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. ലീഗിനൊപ്പം ജെഡിയുവും വിമർശനവുമായി എത്തി.

പ്രതിപക്ഷം കാര്യമായി പ്രവർത്തിക്കുന്നില്ലെന്ന വിമർശനം ഉന്നയിച്ചത് കെ.മുരളീധരൻ ആയിരുന്നു. കെപിസിസി പ്രസിഡന്റ് വി.എം സുധീരനെ ഉന്നമിട്ടാണു കെ.മുരളീധരൻ പ്രതിപക്ഷ പ്രവർത്തനം പോരെന്നു വിമർശിച്ചതെങ്കിലും അതു കൊണ്ടതു പലരിലുമാണ്. മുരളിയെ പിന്തുണച്ച് ലീഗും രംഗത്തെത്തിയതോടെ വിമർശനം കൊഴുത്തു. രംഗം തണുപ്പിക്കാൻ രമേശ് ചെന്നിത്തല ശ്രമിച്ചെങ്കിലും കോൺഗ്രസിൽ കലഹം മൂർച്ഛിക്കുകയായിരുന്നു.

ഇത് കോൺഗ്രസിൽ തമ്മിലടിക്ക് കാരണമായി. രാജ്‌മോഹൻ ഉണ്ണിത്താനും മുരളീധരനും തമ്മിൽ പരസ്യമായ വാക്‌പോര് ഉടലെടുത്തു. മാത്രമല്ല, ഉണ്ണിത്താനെതിരെ ചീമുട്ടയേറു വരെ ഉണ്ടാകുന്ന സ്ഥിതിയുണ്ടായി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here