ഉമ്മൻചാണ്ടി ഉറച്ചുതന്നെ; കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ പങ്കെടുക്കില്ല; ചെന്നിത്തലയുടെ അനുനയശ്രമങ്ങൾ ഫലം കണ്ടില്ല

തിരുവനന്തപുരം: ഡിസിസി പ്രസിഡന്റുമാരെ നിയമിച്ചതിലുള്ള പ്രതിഷേധത്തിൽ ഉമ്മൻചാണ്ടി ഉറച്ചുതന്നെ. ഈമാസം ചേരാനിരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ ഉമ്മൻചാണ്ടി പങ്കെടുത്തേക്കില്ല. ഈമാസം 14നാണു യോഗം ചേരാനിരുന്നത്. അന്നേദിവസം തിരുവനന്തപുരത്തുണ്ടെങ്കിൽ പങ്കെടുക്കാം എന്നാണ് ഉമ്മൻചാണ്ടി അറിയിച്ചിട്ടുള്ളത്. എന്നാൽ, അന്നു ഉമ്മൻചാണ്ടി തിരുവനന്തപുരത്തുണ്ടാകില്ലെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങളിൽ നിന്നു മനസിലായത്.

എന്നാൽ, ഇക്കാര്യത്തിൽ ഇനി സൗകര്യമുള്ള മറ്റൊരു തിയ്യതി നൽകാൻ പാർട്ടി നേതൃത്വവും തയ്യാറല്ല. യോഗം അനിയന്ത്രിതമായി ഇങ്ങനെ നീട്ടിക്കൊണ്ടു പോകേണ്ടതില്ലെന്നാണ് പാർട്ടി നേതൃത്വം കൈക്കൊണ്ട നിലപാട്. സമ്മർദ്ദ തന്ത്രം ചെലുത്തുകയാണ് ഉമ്മൻചാണ്ടി ചെയ്യുന്നത്. ഇക്കാര്യത്തിൽ ഉമ്മൻചാണ്ടിയെ അനുനയിപ്പിക്കാൻ രമേശ് ചെന്നിത്തല പരമാവധി ശ്രമിച്ചിരുന്നു. എന്നാൽ ആ അനുനയശ്രമങ്ങളൊന്നും ഫലം കണ്ടില്ലെന്നാണ് ഉമ്മൻചാണ്ടിയുടെ ഇപ്പോഴത്തെ നിലപാട് തെളിയിക്കുന്നത്.

ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക വന്ന ശേഷം ഉമ്മൻചാണ്ടി ഇടഞ്ഞു തന്നെ നിൽക്കുകയാണ്. എ ഗ്രൂപ്പിനു വേണ്ടത്ര പ്രാതിനിധ്യം കിട്ടിയില്ലെന്ന പരാതിയാണ് ഉമ്മൻചാണ്ടിക്കും എ ഗ്രൂപ്പിനും ഉള്ളത്. അതുകൊണ്ടു തന്നെ ഡിസിസി പ്രസിഡന്റുമാരുടെ സ്ഥാനാരോഹണം അടക്കം ഒരു പരിപാടിയിലും പങ്കെടുക്കേണ്ടതില്ലെന്നാണ് എ ഗ്രൂപ്പിന്റെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ, തിരുവനന്തപുരം, കോട്ടയം ഡിസിസി പ്രസിഡന്റുമാരുടെ സ്ഥാനാരോഹണം ഉമ്മൻചാണ്ടി ബഹിഷ്‌കരിച്ചിരുന്നു. തന്റെ അസംതൃപ്തി ഉമ്മൻചാണ്ടി ഹൈക്കമാൻഡിനോടും പറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തലയുമായി നടത്തിയ കൂടിക്കാഴ്ചയിലും ഇക്കാര്യങ്ങൾ ഉമ്മൻചാണ്ടി ആവർത്തിച്ചതാണ്. ഡിസിസി പട്ടികയോടു ബന്ധപ്പെട്ടു തനിക്കുണ്ടായ പരുക്കുകൾ ഉമ്മൻ ചാണ്ടി കൂടിക്കാഴ്ചയിൽ തുറന്നു പറഞ്ഞു. പുതുതായി ചാർജെടുത്ത ഒരു ഡിസിസി പ്രസിഡന്റിനോടും അതൃപ്തിയില്ല. അവരുടെ പ്രവർത്തനങ്ങളോട് എല്ലാവരും പൂർണമായും സഹകരിക്കും. എന്നാൽ അവരെ നിയമിച്ച രീതിയിലും ഇതു സംബന്ധിച്ച സമവാക്യങ്ങളിലും അതൃപ്തി നിലനിൽക്കുന്നതായും ഉമ്മൻചാണ്ടി പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ നിസഹകരണംമൂലം രാഷ്ട്രീയകാര്യ സമിതി ചേരാനാകാത്ത സാഹചര്യം രമേശ് അന്നു ചൂണ്ടിക്കാട്ടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here