ജയലളിതയ്ക്ക് ഹൃദയസ്തംഭനമുണ്ടായത് ഐസിയുവില്‍ നിന്ന് മാറ്റിയതിന് ശേഷം; ഗവര്‍ണര്‍ കേന്ദ്രത്തിന് നല്‍കിയ റിപ്പോര്‍ട്ട് പുറത്ത്

ചെന്നൈ: മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണം സംബന്ധിച്ചുള്ള തമിഴ്‌നാട് ഗവര്‍ണറുടെ റിപ്പോര്‍ട്ട് പുറത്തുവന്നു. കേന്ദ്രസര്‍ക്കാരിന് ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു നല്‍കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട്, ഒരു വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഡിസംബര്‍ ഏഴിനാണ് ജയലളിതയുടെ മരണത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ഗവര്‍ണര്‍ നല്‍കിയത്.

ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജയലളിതയെ ആരോഗ്യനിലയിലെ പുരോഗതി കണ്ടതിനെത്തുടര്‍ന്ന് ഐസിയുവില്‍ നിന്ന് മാറ്റി. എന്നാല്‍ പിന്നീട് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജയലളിതയെ നവംബര്‍ 19ന് ഐസിയുവില്‍ നിന്ന് മള്‍ട്ടി ഡിസിപ്ലിനറി ക്രിട്ടിക്കല്‍ യൂണിറ്റിലേക്ക് മാറ്റിയിരുന്നു. ഡിസംബര്‍ നാലിന് വൈകിട്ട് ജയലളിതയ്ക്ക് ഹൃദയസ്തംഭമുണ്ടായി. പിന്നീട് ഇസിഎംഒ എന്ന ജീവന്‍രക്ഷാ ഉപകരണം ഘടിപ്പിച്ചു. ഡിസംബര്‍ അഞ്ചിന് ജയലളിത മരണത്തിന് കീഴടങ്ങുകയായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ആശുപത്രി അധികതര്‍ പുറത്തുവിട്ട വിവരങ്ങള്‍ തന്നെയാണ് ഗവര്‍ണറുടെ റിപ്പോര്‍ട്ടിലും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. കൂടുതല്‍ വിശദാംശങ്ങളൊന്നും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടില്ല.

അതേസമയം, ജയലളിതയ്ക്ക് എന്തുചികിത്സയാണ് നല്‍കിയതെന്നും രോഗത്തിന്റെ വിശദാംശങ്ങളെന്തെന്നും കാണിച്ച് ഒക്ടോബര്‍ ഒന്നിനും 22നും ഗവര്‍ണര്‍ കേന്ദ്രസര്‍ക്കാരിന് കൈമാറിയ റിപ്പോര്‍ട്ടുകളുടെ വിശദാംശങ്ങള്‍ സ്വകാര്യവിവരമാണെന്നും പുറത്തുവിടാനാകില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here