നെപ്ട്യൂണ്‍ പ്രതിമയെ ബ്ലോക് ചെയ്ത നടപടിയില്‍ മാപ്പുപറഞ്ഞ് ഫേസ്ബുക്; ലൈംഗികച്ചുവയുള്ള ചിത്രമെന്ന നിലപാട് തിരുത്തി

ഇറ്റലി : നെപ്ട്യൂണ്‍ പ്രതിമയെ ബ്ലോക്ക് ചെയ്ത നടപടിയില്‍ മാപ്പുപറഞ്ഞ് തലയൂരി ഫേസ്ബുക്. ലൈംഗികച്ചുവയുള്ള ചിത്രമെന്ന് പറഞ്ഞ് നവോത്ഥാന പ്രതീകമായ നെപ്ട്യൂണ്‍ പ്രതിമയെ ആണ് ഫേസ്ബുക് നേരത്തെ ബ്ലോക് ചെയ്തത്. ഫേസ്ബുക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കാട്ടിയായിരുന്നു ബ്ലോക്കിംഗ്.

ഇറ്റലിയിലെ പ്രാദേശിക ചിത്രകാരി എലീസ ബാര്‍ബറിയാണ് തന്റെ പേജിന്റെ മുഖചിത്രമായി നെപ്ട്യൂണിനെ തെരഞ്ഞെടുത്തത്. ചിത്രത്തിന്റെ ഉപയോഗം ഫെയ്‌സ്ബുക്കിന് അംഗീകരിക്കാന്‍ കഴിയില്ല. അത് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നു. ലൈംഗിക ഉത്തേജനം ഉണ്ടാക്കുന്ന രീതിയില്‍ ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നും ചിത്രം തടയാനുള്ള കാരണമായി ഫെയ്‌സ്ബുക്ക് അറിയിച്ചു.

നഗ്‌നത പൂര്‍ണ്ണമായും പ്രകടമാക്കുന്ന ചിത്രമാണിത്. കലാപരവും വിദ്യാഭ്യാസപരവുമായ കാരണങ്ങളാലാണെങ്കിലും നഗ്‌ന ചിത്രങ്ങളും വീഡിയോയും അനുവദിക്കാന്‍ കഴിയില്ലെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി.

ഫേസ്ബുക് നടപടിയെ വിമര്‍ശിച്ച് എലീസ ബാര്‍ബറ ഫേസ്ബുകില്‍ പോസ്റ്റിട്ടു. തുടര്‍ന്നാണ് വിവാദം കത്തിപ്പടര്‍ന്നത്. ‘നമ്മുടെ അഭിമാന ശില്‍പമായ നെപ്ട്യൂണ്‍, അതും ഒരു കലാസൃഷ്ടി എങ്ങനെ സെന്‍സര്‍ഷിപ്പിന് വിധേയമാക്കാനാവും’ എന്നായിരുന്നു ബാര്‍ബറയുടെ ഫേസ്ബുക് പോസ്റ്റ്.

പതിനാറാം നൂറ്റാണ്ടിലെ ഇറ്റാലിയന്‍ കലാകാരന്റെ ആവിഷ്‌കാരമാണ് നെപ്ട്യൂണ്‍ പ്രതിമ. വരുണദേവന്റെ പ്രതിമ ഇറ്റലിയുടെ നവ്വോത്ഥാന പ്രതീകമായി 1560ലാണ് സൃഷ്ടിക്കപ്പെട്ടത്. വടക്കന്‍ ഇറ്റലിയിലെ ബൊലോഞ്ഞ നഗരത്തിലാണ് പ്രതിമ സ്ഥാപിച്ചത്. 1950 കളിലെ സ്‌കൂള്‍ കുട്ടികളുടെ ആഘോഷങ്ങളുടെ ഭാഗമായി പ്രതിമയെ മൂടി. സംഭവം വലിയ വിവാദമായി.

എന്നാല്‍ ചിത്രത്തിന് വിലേക്കര്‍പ്പെടുത്തിയ നടപടി സാങ്കേതിക പിഴവാണെന്നാണ് ഫെയ്‌സ്ബുക്കിന്റെ നിലപാട്. സംഭവത്തില്‍ ഫെയ്‌സ്ബുക്ക് ക്ഷമാപണവും നടത്തി. പുലിറ്റ്‌സര്‍ അവാര്‍ഡ് നേടിയ വിയറ്റ്‌നാമിലെ നാപാം ബോബംബ് ദുരന്തചിത്രം -പെണ്‍കുട്ടി നഗ്‌നയായി ഓടുന്ന ദയനീയ ദൃശ്യം – ഫെയ്‌സ്ബുക്ക് ബ്ലോക്ക് ചെയ്തത് മുമ്പ് വിവാദമായിരുന്നു. എന്നാല്‍ ചരിത്രപ്രാധാന്യമുള്ള നഗ്‌നചിത്രങ്ങള്‍ ഇനി നീക്കം ചെയ്യില്ലെന്നും ഫെയ്‌സ്ബുക്ക് അന്ന് വിശദീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News