സമാജ്‌വാദി പാര്‍ട്ടിയില്‍ സമവായ ശ്രമങ്ങള്‍ തുടരുന്നു; മുലായം സിംഗ് ഇന്നും അഖിലേഷുമായി ചര്‍ച്ച നടത്തും; ചര്‍ച്ച അസം ഖാന്റെ മധ്യസ്ഥതയില്‍

ദില്ലി: ഭിന്നിച്ചു നില്‍ക്കുന്ന സമാജ്‌വാദി പാര്‍ട്ടിയില്‍ സമവായ ശ്രമങ്ങള്‍ തുടരുന്നു. ഇന്നും മുലായം സിംഗ് യാദവ് അഖിലേഷ് യാദവുമായി ചര്‍ച്ച നടത്തിയേക്കും. മുതിര്‍ന്ന നേതാവ് അസം ഖാന്റെ മധ്യസ്ഥതയിലാണ് സമവായ ചര്‍ച്ചകള്‍ നടക്കുന്നത്.

പാര്‍ട്ടിയില്‍ പിളര്‍പ്പ് ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. മുലായം സിംഗ് യാദവും മകനും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും ലഖ്‌നൗവിലെ മുലായത്തിന്റെ വസതിയില്‍ ഇന്നലെ നടത്തിയ കൂടിക്കാഴ്ചയില്‍ ചില ഫോര്‍മുലകള്‍ ഉയര്‍ന്നു വന്നെങ്കിലും ധാരണയായില്ല. മുതിര്‍ന്ന നേതാവും അഖിലേഷ് മന്ത്രിസഭയില്‍ അംഗവുമായ അസം ഖാനാണ് സമവായ നീക്കങ്ങള്‍ക്ക് ചൂക്കന്‍ പിടിക്കുന്നത്. മുലായം ദേശീയ അധ്യക്ഷനായി തുടരുക അഖിലേഷിന് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനുള്ള അധികാരം നല്‍കുക എന്ന ഫോര്‍മുലയാണ് ചര്‍ച്ചയില്‍ പ്രധാനമായും ഉയര്‍ന്നുവന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അഖിലേഷ് സമ്മതം മൂളിയിട്ടില്ല.

അതേസമയം, പാര്‍ട്ടി ചിഹ്നത്തിനായുള്ള അവകാശവാദം ഇരു ക്യാമ്പുകളും തുടരുകയാണ്. അഖിലേഷ് യാദവ് പക്ഷത്തിനു വണ്ടി രാംഗോപാല്‍ യാദവ്, നരേഷ് അഗര്‍വാള്‍, അക്ഷയ് യാദവ് എന്നിവര്‍ ഇന്നലെ തെരഞ്ഞെടുപ്പ് കമീഷനെ കണ്ടു. പാര്‍ട്ടിയിലെ തൊണ്ണൂറു ശതമാനത്തിലധികം എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നും അതിനാല്‍ പാര്‍ട്ടി ചിഹ്നത്തില്‍ അവകാശം വേണമെന്നും ഇവര്‍ കമ്മീഷനോട് ആവശ്യപ്പെട്ടു. സമാജ് വാദി പാര്‍ട്ടിയെന്നാല്‍ ഇപ്പോള്‍ അഖിലേഷിന്റെ പാര്‍ട്ടിയാണെന്നാണ് തെരഞ്ഞെടുപ്പ് കമീഷനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം രാംഗോപാല്‍ യാദവ് വ്യക്തമാക്കിയത്.

സൈക്കിള്‍ ചിഹ്നത്തില്‍ അവകാശവാദം ഉന്നയിച്ച് മുലായം സിംഗ് യാദവ് പക്ഷവും തെരഞ്ഞെടുപ്പ് കമീഷനെ സന്ദര്‍ശിച്ചിരുന്നു. മുലായം തന്നെയാണ് ഇപ്പോഴും പാര്‍ട്ടി തലവനെന്നും സൈക്കിള്‍ ചിഹ്നത്തില്‍ മറ്റാര്‍ക്കും അവകാശം ഇല്ലെന്നുമാണ് മുലായം വിഭാഗം തെരഞ്ഞെടുപ്പ് കമീഷനു മുന്നില്‍ വിശദീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here