ബംഗളൂരു ലൈംഗികാതിക്രമം: നിയമവും കോടതിയും ഇനിയും ശക്തമാകേണ്ടതുണ്ടെന്ന് ആമിര്‍ഖാന്‍; സംഭവത്തെ സര്‍ക്കാര്‍ ഗൗരവത്തോടെ കാണണം

ബംഗളൂരു: പുതുവര്‍ഷരാവില്‍ ബംഗളൂരു നഗരത്തില്‍ സ്ത്രീകള്‍ക്ക് നേരെ നടന്ന ആക്രമണം ലജ്ജാകരമെന്ന് ബോളിവുഡ് താരം ആമിര്‍ഖാന്‍. സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമത്തില്‍ നിയമവും കോടതിയും ഇനിയും ശക്തമാകേണ്ടതുണ്ടെന്നും അങ്ങനെയുണ്ടെങ്കില്‍ മാത്രമേ അക്രമം നടത്തുന്നവര്‍ക്ക് നിയമത്തില്‍ പേടിയുണ്ടാകൂവെന്നും ആമിര്‍ വ്യക്തമാക്കി.

നിയമം ശക്തമാവുകയും കോടതി കൂടുതല്‍ വേഗതയോടെ പ്രവര്‍ത്തിക്കുകയും ചെയ്താല്‍ സമൂഹത്തില്‍ വലിയ മാറ്റമുണ്ടാവും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇത്തരം കാര്യങ്ങള്‍ കൂടുതള്‍ ഗൗരവത്തോടെ കാണണമെന്നും അദേഹം ആവശ്യപ്പെട്ടു.

നൂറോളം പെണ്‍കുട്ടികളാണ് എംജി റോഡ്, ബ്രിഗ്രേഡ് റോഡ് എന്നിവിടങ്ങളില്‍ ലൈംഗികാതിക്രമത്തിനിരയായത്. അശ്ലീലം പറഞ്ഞും സമ്മതമില്ലാതെ ശരീരത്തില്‍ സ്പര്‍ശിച്ചുമാണ് യുവാക്കളുടെ കൂട്ടം പെണ്‍കുട്ടികളെ അപമാനിച്ചത്. 1500ഓളം പൊലീസുകാര്‍ സ്ഥലത്ത് നിലകൊള്ളുമ്പോഴായിരുന്നു അക്രമങ്ങളുടെ പരമ്പര. പല സംഭവങ്ങളും നടക്കുമ്പോള്‍ പൊലീസുകാര്‍ കാഴ്ച്ചക്കാരായി നില്‍ക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് പരാതികളൊന്നും ലഭിച്ചിട്ടില്ലെങ്കിലും മദ്യലഹരിയില്‍ യുവാക്കള്‍ സ്ത്രീകളോട് മോശമായി പെരുമാറുകയും ഉപദ്രവിക്കുകയും ചെയ്തുവെന്ന് പൊലീസുകാര്‍ സമ്മതിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here