കാസര്‍ഗോഡ് ബിജെപി പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം; ചികിത്സ കിട്ടാതെ ഹൃദ്രോഗി മരിച്ചു; ആശുപത്രിയിലേക്ക് പോയ വാഹനം ബിജെപി തടഞ്ഞത് നാലിടത്ത്

കാസര്‍ഗോഡ്: ഹര്‍ത്താല്‍ ദിനത്തിന്റെ മറവില്‍ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ അഴിഞ്ഞാട്ടത്തില്‍ ഹൃദ്രോഗി ചികിത്സ കിട്ടാതെ മരിച്ചു. വെള്ളരിക്കുണ്ട് താലൂക്ക് ബിരിക്കുളത്തെ വ്യാപാരി പ്ലാത്തടത്തെ മാളോലവീട്ടില്‍ സിടി ജോണ്‍ (62) ആണ് മരിച്ചത്.

രാവിലെ വീട്ടില്‍ കുഴഞ്ഞുവീണ ജോണിനെ ഓട്ടോറിക്ഷയില്‍ വെള്ളരിക്കുണ്ടിലെ ക്ലിനിക്കിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുപോവുകയായിരുന്നു. ജോണിനെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്ന കാര്‍ നാലിടത്താണ് ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞത്. ജോണ്‍ ഗുരുതരാവസ്ഥയിലാണെന്ന് കേണു പറഞ്ഞിട്ടും ചോദ്യംചെയ്യലിനും പരിശോധനയ്ക്കും ശേഷമാണ് പ്രവര്‍ത്തകര്‍ വാഹനം കടത്തിവിട്ടത്. അട്ടേങ്ങാനം, ഇരിയ, മാവുങ്കാല്‍, കിഴക്കുംകര എന്നിവിടങ്ങളിലാണ് ബിജെപി വാഹനം തടഞ്ഞിട്ടത്. ഒടുവില്‍ ആശുപത്രിയിലെത്തും മുന്‍പ് ജോണ്‍ മരിക്കുകയായിരുന്നു.

മൃതദേഹം ഇന്ന് വൈകിട്ട് മൂന്നിന് ബിരിക്കുളം ചെറുപുഷ്പം ദേവാലയ സെമിത്തേരിയില്‍ സംസ്‌കരിക്കും. ഭാര്യ: പരേതയായ ലീലാമ്മ. മക്കള്‍: അനൂപ്, അനുഷ. മരുമകന്‍: ജയേഷ് (ഫോറസ്റ്റര്‍, തലശേരി). സഹോദരങ്ങള്‍: സാറാമ്മ (പെരുമ്പടവ്), എംടി ജോര്‍ജ്, എംടി സിറിയക് (പരപ്പ ജിഎച്ച്എസ്എസ് ജീവനക്കാരന്‍), പരേതനായ യോഹന്നാന്‍ (കുഞ്ഞൂഞ്ഞ്).

ഇന്നലെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞും കല്ലേറ് നടത്തിയും ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. സിപിഐഎം ഓഫീസുകള്‍ക്ക് നേരെ കല്ലേറ് നടത്തിയ സംഘം കൊടിമരവും ബോര്‍ഡുകളും തകര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here