ഉത്തര്‍പ്രദേശില്‍ ഏ‍ഴുഘട്ടമായി വോട്ടെടുപ്പ്; മണിപ്പുരില്‍ രണ്ടു ഘട്ടം; ഗോവ, പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ ഒറ്റഘട്ടം; വോട്ടെണ്ണല്‍ മാര്‍ച്ച് 11ന്; അഞ്ചു സംസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പു ചൂടിലായി

ദില്ലി: ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപുര്‍, പഞ്ചാബ്, ഗോവ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചു. ദില്ലിയില്‍ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ നസീം സെയ്ദിയാണു തീയതികള്‍ പ്രഖ്യാപിച്ചത്. ഉത്തര്‍പ്രദേശില്‍ ഏ‍ഴു ഘട്ടമായായിരിക്കും വോട്ടെടുപ്പ്. മണിപുരില്‍ രണ്ടു ഘട്ടമായും മറ്റു സംസ്ഥാനങ്ങളില്‍ ഒറ്റഘട്ടമായും ആയിരിക്കും വോട്ടെടുപ്പ്. മാര്‍ച്ച് 11നാണ് വോട്ടെണ്ണല്‍.

അഞ്ചു സംസ്ഥാനങ്ങളിലായി ആകെ 690 മണ്ഡലങ്ങളിലാണു വോട്ടെടുപ്പു നടക്കുക. 16 കോടി വോട്ടര്‍മാര്‍ സമ്മതിദാനം നിര്‍വഹിക്കും. എല്ലായിടത്തും ഫോട്ടോ പതിച്ച വോട്ടര്‍പട്ടികയായിരിക്കും ഉപയോഗിക്കുകയെന്നു മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ അറിയിച്ചു. വോട്ട് ചെയ്യാനുള്ള മറയുടെ ഉയരം 30 ഇഞ്ചായി വര്‍ധിപ്പിക്കും. അഞ്ചു സംസ്ഥാനങ്ങളിലായി 1,85,000 പോളിംഗ് ബൂത്തുകളുണ്ടാകും.

ഒറ്റഘട്ടമായി തെരഞ്ഞെടുപ്പു നടക്കുന്ന ഗോവയിലും പഞ്ചാബിലും ഫെബ്രുവരി നാലിനാണു വോട്ടെടുപ്പ്. ഉത്തരാഖണ്ഡില്‍ ഫെബ്രുവരി 15ന് ഒറ്റഘട്ടമായി വോട്ടെടുപ്പു നടക്കും. മണിപ്പൂരില്‍ മാര്‍ച്ച് നാലിനാണ് ആദ്യഘട്ട വോട്ടെടുപ്പ്. മാര്‍ച്ച് എട്ടിന് രണ്ടാംഘട്ട വോട്ടെടുപ്പു നടക്കും.

ഏ‍ഴുഘട്ടമായി വോട്ടെടുപ്പു നടക്കുന്ന ഉത്തര്‍പ്രദേശില്‍ ഫെബ്രുവരി 11 നാണ് ആദ്യഘട്ട വോട്ടെടുപ്പ്. രണ്ടാംഘട്ട വോട്ടെടുപ്പ് ഫെബ്രുവരി 15നു നടക്കും. മൂന്നാം ഘട്ട വോട്ടെടുപ്പ് ഫെബ്രുവരി 19നും നാലാംഘട്ട വോട്ടെടുപ്പ് ഫെബ്രുവരി 23നും നടക്കും. അഞ്ചാം ഘട്ടം വോട്ടെടുപ്പ് ഫെബ്രുവരി 27നും ആറാം ഘട്ടം മാര്‍ച്ച് 4നും ഏ‍ഴാംഘട്ടം മാര്‍ച്ച് എട്ടിനും നടക്കും.

വോട്ടേ‍ഴ്സ് സ്ലിപ്പിന്‍റെ വലിപ്പം വര്‍ധിക്കാനും തെരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനിച്ചു. മാതൃകാ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. പോസ്റ്റല്‍ ബാലറ്റുകള്‍ ഇലക്ട്രോണിക് ബാലറ്റുകളാക്കും. സ്ത്രീകള്‍ക്കു മാത്രമായി പ്രത്യേക പോളിംഗ് ബൂത്തുകളുണ്ടാകും. യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ സ്ഥാനാര്‍ഥികളുടെ ചെലവിന്‍റെ പരിധി 28 ലക്ഷം രൂപയായി നിശ്ചയിച്ചിട്ടുണ്ട്. മണിപ്പൂരിലും ഗോവയിലും സ്ഥാനാര്‍ഥികളുടെ ചെലവിന്‍റെ പരിധി 20 ലക്ഷമായിരിക്കും.

ഉത്തര്‍പ്രദേശില്‍ വോട്ട് ചെയ്തതിന്‍റെ രസീത് നല്‍കാന്‍ കിയോസ്ക് തയാറാക്കും. 20,000 രൂപയിലധികമുള്ള എല്ലാ ഇടപാടുകളും ബാങ്ക് അക്കൗണ്ടു വ‍ഴിയാകണം. തെരഞ്ഞെടുപ്പിന്‍റെ കാര്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ അറിയിക്കും. ഗോവയില്‍ നാളെ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. പഞ്ചാബിലും നാളെ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. മണിപുരില്‍ ജനുവരി 12ന് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. ഉത്തരാഖണ്ഡില്‍ പത്താം തീയതി വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. ഉത്തര്‍പ്രദേശില്‍ 12നായിരിക്കും വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുക.

രാഷ്ട്രീയപാര്‍ട്ടികളുടെ ഉടമസ്ഥതയിലുള്ള ടെലിവിഷന്‍ ചാനലുകള്‍ കര്‍ശനമായി നിരീക്ഷിക്കുമെന്നും ഈ ചാനലുകളിലൂടെയുള്ള പ്രചാരണം തെരഞ്ഞെടുപ്പു ചെലവില്‍ പെടുത്തുമെന്നും മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News