ബിസിസിഐ പദവിക്കു തനിക്കു അർഹതയില്ലെന്നു ഗാംഗുലി; തന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുന്നു

ദില്ലി: ബിസിസിഐ അധ്യക്ഷനാകാൻ താനില്ലെന്നു നിലപാട് വ്യക്തമാക്കി സൗരവ് ഗാംഗുലി. ബിസിസിഐയുടെ തലവനാകാനുള്ള യോഗ്യത തനിക്കില്ലെന്നും ഗാംഗുലി വ്യക്തമാക്കി. ബിസിസിഐ അധ്യക്ഷ സ്ഥാനത്തേക്ക് തന്റെ പേര് അനാവശ്യമായി വലിച്ചിഴക്കുകയാണ്. സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്റെ തലവനായി വേണ്ട കാലാവധി താൻ പൂർത്തിയാക്കിയിട്ടില്ല. ഒരു വർഷം മാത്രമാണ് ബംഗാൾ ക്രിക്കറ്റ് അസോസിയേഷന്റെ അധ്യക്ഷനായി പൂർത്തീകരിച്ചിട്ടുള്ളത്. ഇനിയും രണ്ട് വർഷം അധ്യക്ഷനായി തുടരേണ്ടതുണ്ടെന്നും ഗാംഗുലി വ്യക്തമാക്കി.

അനുരാഗ് താക്കൂറിനെ ബിസിസിഐ അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റിയതിനു പിന്നാലെ ഗാംഗുലി അധ്യക്ഷനായേക്കും എന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി ഗാംഗുലി രംഗത്തെത്തുന്നത്. ലോധ കമ്മിറ്റി നിർദേശങ്ങൾ പ്രാവർത്തികമാക്കുമോ എന്ന ചോദ്യത്തിന് സുപ്രീംകോടതി വിധി അനുസരിക്കുക മാത്രമാണ് തങ്ങൾക്ക് ചെയ്യാൻ സാധിക്കുകയുള്ളൂവെന്ന് ഗാംഗുലി മറുപടി നൽകി. ഇതുമായി ബന്ധപ്പെട്ട് ബുധനാഴ്ച ഭരണ സമിതി യോഗം വിളിച്ചു ചേർത്തിട്ടുണ്ടെന്നും ഗാംഗുലി അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് ലോധ കമ്മീഷൻ ശുപാർശകൾ നടപ്പാക്കാത്തതിന്റെ പേരിൽ ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തു നിന്ന് അനുരാഗ് താക്കൂറിനെ സുപ്രീംകോടതി പുറത്താക്കിയത്. സെക്രട്ടറി അജയ് ഷിർക്കെയെയും പുറത്താക്കിയിരുന്നു. പുതിയ ബിസിസിഐ ഭരണസമിതിയെ നിശ്ചയിക്കാനായി അമിക്കസ് ക്യൂറികളെയും നിയമിച്ചിരുന്നു. ഗോപാൽ സുബ്രഹ്മണ്യവും അനിൽ ബി ദിവാനും ആണ് പുതിയ അമിക്കസ് ക്യൂറിമാർ. ആദ്യം അമിക്കസ് ക്യൂറിയായി നിയമിച്ച ഫാലി എസ് നരിമാൻ ഇന്നലെ പിൻമാറിയിരുന്നു. തുടർന്നാണ് അനിൽ ബി ദിവാനെ അമിക്കസ് ക്യൂറിയാക്കിയത്. ഇവർ ഈ മാസം 19 ന് പുതിയ ഭരണസമിതി സംബന്ധിച്ച് റിപ്പോർട്ട് നൽകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel