യെമനില്‍ പോകുന്നതില്‍ നിന്ന് ഫാ. ടോമിനെ വിലക്കി; ഫാദര്‍ പോയത് സ്വന്തം ഇഷ്ടപ്രകാരം; രക്ഷാശ്രമങ്ങള്‍ തുടരുകയാണെന്നും വിദേശകാര്യ സഹമന്ത്രി എംജെ അക്ബര്‍

ദില്ലി : യെമനിലേക്ക് പോകുന്നതില്‍ നിന്ന് ഫാ. ടോം ഉഴുന്നാലിലിനെ വിലക്കിയിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം. സംഘര്‍ഷ ബാധിത പ്രദേശത്തേക്ക് പോകരുതെന്ന നിര്‍ദ്ദേശം വിദേശകാര്യ മന്ത്രാലയം നല്‍കി. എന്നാല്‍ വിലക്ക് ലംഘിച്ച് സ്വന്തം ഇഷ്ടപ്രകാരവുമാണ് ഫാ. ഉഴുന്നാലില്‍ യെമനിലേക്ക് പോയതെന്നും വിദേശകാര്യ സഹമന്ത്രി എംജെ അക്ബര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോമിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ നയതന്ത്ര തലത്തില്‍ തുടരുകയാണ്. ഫാദറിന്റെ മോചനത്തിനായി പ്രത്യേക കര്‍മസമിതിയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഭീകരര്‍ അദ്ദേഹത്തെ എവിടെയാണ് പാര്‍പ്പിച്ചിരിക്കുന്നത് എന്ന കാര്യത്തില്‍ അറിവില്ല. ഇത് കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും മന്ത്രി പറഞ്ഞു.

ടോം ഉഴുന്നാലിലിനെ മോചിപ്പിക്കാന്‍ കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും ശ്രമങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന ആരോപണങ്ങള്‍ മന്ത്രി തള്ളി. സാധ്യമായ ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നുണ്ട്. ഫാ. ടോം ഉഴുന്നാലിനെ മോചിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ നയതന്ത്ര തലത്തില്‍ തുടരുകയാണ്. തന്നെ മോചിപ്പിക്കാനുള്ള ശ്രമങ്ങളൊന്നും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലെന്ന വിമര്‍ശനത്തിനാണ് കേന്ദ്ര സഹമന്ത്രിയുടെ മറുപടി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here