ദില്ലി: മനുഷ്യർക്കു വേണ്ടതൊന്നും കൊടുത്തില്ലെങ്കിലും പശുക്കൾക്കു വേണ്ടാത്തതും കൊടുക്കും നരേന്ദ്ര മോദി സർക്കാർ. പശുവിനും പോത്തിനും വരെ തിരിച്ചറിയൽ കാർഡ് നൽകാൻ ഒരുങ്ങുകയാണ് ഇപ്പോൾ കേന്ദ്രസർക്കാർ. ആധാർ കാർഡിനു തുല്യമായ 12 അക്കങ്ങളുള്ള യുഐഡി കാർഡ് പശുക്കൾക്കും പോത്തുകൾക്കും നൽകാനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്. ഇതിനുള്ള നടപടികൾ കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. എല്ലാ നാടൻ പശു ഇനങ്ങൾക്കും തിരിച്ചറിയൽ കാർഡ് നൽകും.
പാൽ ഉൽപാദനം വർധിപ്പിക്കുന്നതിനും പശുക്കളുടെ വംശം വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്താൻ മൃഗ സംരക്ഷണ വകുപ്പ് ആലോചിക്കുന്നത്. പശുവിന്റെ ചെവിയിൽ യുഐഡി നമ്പർ പതിപ്പിച്ച ടാഗ് ഘടിപ്പിക്കാനാണ് ശ്രമം. പശുക്കൾക്ക് യുഐഡി കാർഡ് നൽകുന്നതിനായി 148 കോടി രൂപ കേന്ദ്രസർക്കാർ വകയിരുത്തിയിട്ടുണ്ട്. ഇതിന്റെ പ്രയോജനം 8.8 കോടി പശുക്കൾക്കും പോത്തുകൾക്കും ലഭിക്കും. ഓരോ ടാഗിനും ഏകദേശം എട്ടു രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
എട്ടു ഗ്രാം ഭാരമുള്ള ടാഗാണ് ചെവിയിൽ ഘടിപ്പിക്കുന്നത്. യുഐഡി പശുക്കളുടെ വിവരങ്ങൾ ഓൺലൈൻ ഡാറ്റാബേസിൽ ഉണ്ടാകും. ആനിമൽ ഹെൽത്ത് കാർഡ് ഉടമയ്ക്കും നൽകും. ഉടമയുടെയും പാൽ ഉൽപാദനം ഉൾപ്പെടെയുള്ള വിവരങ്ങളും ഈ കാർഡിൽ ഉൾപ്പെടുത്തിയിരിക്കും. ഒരു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here