തിരുവനന്തപുരം: സിപിഐഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാവും. ഇന്ന് പോളിറ്റ് ബ്യൂറോ യോഗവും നാളെ മുതല്‍ കേന്ദ്രകമ്മിറ്റി യോഗവുമാണ് നടക്കുക. ദേശീയ രാഷ്ട്രീയ സാഹചര്യവും നിയമസഭാ തെരഞ്ഞെടുപ്പുമാണ് യോഗങ്ങളിലെ പ്രധാന അജണ്ട.
നാളെയാരംഭിക്കുന്ന സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തിന് മുന്നോടിയായാണ് ഇന്ന് പോളിറ്റ് ബ്യൂറോ യോഗം നടക്കുന്നത്. കേന്ദ്രകമ്മിറ്റിയോഗത്തിന്റെ കരട് അജണ്ടക്ക് പോളിറ്റ് ബ്യൂറോ യോഗം രൂപം നല്‍കും. സമകാലിക ദേശീയ രാഷ്ട്രീയ സാഹചര്യം, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ തുടങ്ങിയ വിഷയങ്ങളാണ് കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പ്രധാന ചര്‍ച്ചയാവുക. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തിയ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട് എസ്. രാമചന്ദ്രന്‍ പിള്ള, ബൃന്ദകാരാട്ട്, ഹന്നന്‍ മുള്ള തുടങ്ങിയവരും കേന്ദ്രകമ്മിറ്റിയോഗത്തില്‍ പങ്കെടുക്കാനായി കഴിഞ്ഞദിവസം തലസ്ഥാനത്തെത്തി.
കേന്ദ്രകമ്മിറ്റിയോഗത്തിനോടനുബന്ധിച്ച് ശനിയാഴ്ച വൈകീട്ട് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുത്തരിക്കണ്ടം മൈതാനത്ത് പൊതുസമ്മേളനവും നടക്കും. തിരുവനന്തപുരത്ത് ആദ്യമായാണ് സിപിഐഎം കേന്ദ്രകമ്മിറ്റിയോഗം ചേരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here