കൊല്ലം: പൂട്ടിയിട്ടിരിക്കുന്ന സ്വകാര്യ കശുവണ്ടി ഫാക്ടറികള്‍ തുറന്ന് തൊഴിലാളികള്‍ക്ക് ജോലി നല്‍കണമെന്നാവശ്യപ്പെട്ട് കാഷ്യ വര്‍ക്കേഴ്‌സ് സെന്റര്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന നിരാഹാരസമരം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനം. ജനപ്രതിനിധികളും നേതാക്കന്മാരും നിരാഹാരസമരം നടത്താനാണ് തീരുമാനം.

കഴിഞ്ഞ 10 മാസമായി അടച്ചിട്ടിരിക്കുന്ന സ്വകാര്യ കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികള്‍ പട്ടിണിയിലായതിനെ തുടര്‍ന്നാണ് കാഷ്യവര്‍ക്കേഴ്‌സ് സെന്റര്‍ സിഐടിയു, സിപിഐഎം, വര്‍ഗബഹുജന സംഘടനാ പ്രവര്‍ത്തകരുടെ പിന്തുണയോടെ നിരാഹാര സമരം തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം ആരംഭിച്ച സമരം കൂടുതല്‍ ശക്തമാക്കാന്‍ കൊല്ലത്തെ ചേര്‍ന്ന കാഷ്യവര്‍ക്കേഴ്‌സ് സെന്റര്‍ സിഐടിയു യോഗം തീരുമാനിച്ചു.

രണ്ടാംഘട്ടത്തില്‍ ജനപ്രതിനിധികളും ട്രേഡ് യുണിയന്‍ നേതാക്കളും നിരാഹാരം അനുഷ്ടിക്കുമെന്ന് ഇ ഖാസിം പറഞ്ഞു. കൂലി കൂടുതലായതിനാലാണ് കശുവണ്ടി വ്യവസായം നഷ്ടത്തിലായതെന്ന മുതലാളിമാരുടെ വാദം തള്ളുന്നുവെന്നും ഖാസിം പറഞ്ഞു

ഈ മാസം എട്ടു മുതല്‍ കശുവണ്ടി സമരം രണ്ടാം ഘട്ടത്തിന് തുടക്കമാവും. അതേസമയം, ഏതാനും സ്വകാര്യ ഫാക്ടറികള്‍ തുറക്കാന്‍ തയാറായി രംഗത്തെത്തിയത് തൊഴിലാളികള്‍ക്കിടയില്‍ പ്രതീക്ഷയേകുന്നു.