കാസര്‍കോട്ട് സമാധാനം പുനസ്ഥാപിക്കുമെന്ന് സര്‍വകക്ഷി യോഗം; അക്രമ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ബിജെപി പിന്‍മാറണമെന്ന് പി കരുണാകരന്‍ എംപി

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് കലക്ടറേറ്റില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം ആഹ്വാനം ചെയ്തു. ബിജെപി ചെറുവത്തൂരില്‍ നിന്നും ചീമേനിയിലേക്ക് നടത്തിയ പദയാത്ര സംഘര്‍ഷത്തില്‍ കലാശിച്ചതിനെ തുടര്‍ന്നാണ് സര്‍വകക്ഷി യോഗം ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ത്തത്. മൂന്ന് ദിവസത്തേക്ക് കാസര്‍കോട് ജില്ലയില്‍ പൊലീസ് ആക്ട് പ്രകാരം ജില്ലാ പൊലീസ് മേധാവി നിരോധനാഞ്ജ പ്രഖ്യാപിച്ചു.

സമാധാനം പുനസ്ഥാപിക്കാന്‍ എല്ലാ പാര്‍ട്ടികളും സഹകരണം വാഗ്ദാനം ചെയ്തു. അക്രമങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരെ ആവശ്യമെങ്കില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി തോംസണ്‍ ജോസ് യോഗത്തില്‍ അറിയിച്ചു. മൂന്നു ദിവസത്തേക്ക് ജില്ലയില്‍ പ്രകടനങ്ങളും യോഗങ്ങളും നിരോധിച്ചു. കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും. രാഷ്ട്രീയ പ്രകടനങ്ങള്‍ക്കും പൊതുയോഗങ്ങള്‍ക്കും മുന്‍കൂട്ടി അനുമതി വാങ്ങണമെന്നും തോംസണ്‍ ജോസ് അറിയിച്ചു. പ്രാദേശികതല സമാധാന യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കാനും യോഗം തീരുമാനിച്ചു.

സിപിഐഎം ജില്ലാ സെക്രട്ടറി കെപി സതീഷ് ചന്ദ്രന്‍, ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. ശീകാന്ത്, ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എംസി ഖമറുദ്ദീന്‍ തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. അക്രമ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ബിജെപി പിന്മാറിയാല്‍ കാസര്‍കോട് ജില്ലയില്‍ സമാധാനം പുനസ്ഥാപിക്കാനാകുമെന്ന് പി കരുണാകരന്‍ എംപി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സമാധാന ശ്രമങ്ങളോട് സിപിഐഎം സര്‍വാത്മന സഹകരിക്കുമെന്ന് പി കരുണാകരന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here