തിരുവനന്തപുരം: മലയാള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാതെ, അന്യഭാഷ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചാല്‍ തടയുമെന്ന് പ്രഖ്യാപിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസിനെതിരെ കേരളത്തിലെ വിജയ് ഫാന്‍സ്. മലയാള സിനിമ പ്രദര്‍ശിപ്പിക്കാതെ വിജയ് ചിത്രം ഭൈരവാ, സൂര്യയുടെ എസ് ത്രീ, ഷാരൂഖ് ഖാന്‍ ചിത്രം റയീസ് എന്നീ സിനിമകള്‍ പ്രദര്‍ശിപ്പിച്ചാല്‍ തടയുമെന്നാണ് ഡീന്‍ കൂര്യാക്കോസ് കഴിഞ്ഞദിവസം പറഞ്ഞത്. ഇതിനെതിരെയാണ് വിജയ് ഫാന്‍സുകാര്‍ രംഗത്ത് വന്നത്.

ഇതരഭാഷ സിനിമകളുടെ പ്രദര്‍ശനം തടയുമെന്ന പ്രഖ്യാപനം ഷെയര്‍ ചെയ്ത ഡീന്‍ കുര്യാക്കോസിന്റെ ഫേസ്ബുക്ക് പേജിലാണ് ആരാധകര്‍ പൊങ്കാല നടത്തുന്നത്. യൂത്ത് കോണ്‍ഗ്രസിന്റെ നാലിരട്ടി വിജയ് ഫാന്‍സ് കേരളത്തില്‍ ഉണ്ടെന്നും സിനിമ തടയാന്‍ വന്നാല്‍ അത് കാണാമെന്നും ചിലര്‍ കമന്റ് ചെയ്യുന്നു. വിജയ് കേരളത്തിന്റെ ദത്തുപുത്രനാണെന്നും സിനിമ തടഞ്ഞാല്‍ വിവരമറിയുമെന്നും ചിലര്‍ ഭീഷണിപ്പെടുത്തുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ വിജയ് ഫാന്‍സാണ് തങ്ങളെന്നും തീരുമാനവുമായി മുന്നോട്ട പോയാല്‍ പാര്‍ട്ടി വിടുമെന്നും മറ്റുചിലര്‍ പറയുന്നു. പ്രദര്‍ശനം തടഞ്ഞാല്‍ കൈ വെട്ടുമെന്നും പാലക്കാട് നിന്നുള്ള വിജയ് ഫാന്‍സ് പറയുന്നു.

ഒരു കെഎസ്‌യു പ്രവര്‍ത്തകന്റെ കമന്റ് ഇങ്ങനെ: ‘പ്രിയപ്പെട്ട ഡീന്‍ കുര്യാക്കോസ്, ഞാന്‍ ഒരു കെഎസ്‌യു പ്രവര്‍ത്തകനാണ്. യൂത്ത് കോണ്‍ഗ്രസ് വാര്‍ഡ് ജനറല്‍ സെക്രട്ടറിയും കൂടി ആണ്. പക്ഷെ ഞാന്‍ ഒരു വിജയ് ആരാധകനാണ്. അന്യഭാഷാ ചിത്രങ്ങള്‍ റിലീസ് തടയും എന്നു താങ്കള്‍ പറഞ്ഞല്ലോ. നിങ്ങള്‍ ഒരു ചുക്കും ചെയ്യില്ല മിസ്റ്റര്‍. റിലീസ് തടയാന്‍ വന്നാല്‍ അത് എന്തു വില കൊടുത്തും തടഞ്ഞിരിക്കും വിജയ് ഫാന്‍സ്. തടയാന്‍ നില്‍ക്കുന്നവരുടെ കൂട്ടത്തില്‍ ഞാനും ഉണ്ടാകും. എന്തുകൊണ്ട് ആണ് മലയാളികള്‍ക്ക് വിജയ് ചിത്രത്തില്‍ റിലീസ് ചെയ്യുമ്പോള്‍ മാത്രം മലയാള ഭാഷാ സ്‌നേഹം കൂടുന്നത് എന്നാണ് എനിക്ക് മനസിലാകാത്തത്.’