കൊല്ലം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിക്കെതിരെ സിആര്‍ മഹേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്. രാഷ്ട്രീയകാര്യ സമിതിയില്‍ ഉമ്മന്‍ചാണ്ടി പങ്കെടുക്കാതിരിക്കുന്നത് വലിയ മണ്ടത്തരമാണെന്നും ഹൈക്കമാന്‍ഡ് എടുത്ത നല്ല തീരുമാനമാണ് ഡിസിസി പ്രസിഡന്റുമാരുടെ നിയമനമെന്നും മഹേഷ് അഭിപ്രായപ്പെട്ടു.
പാര്‍ട്ടിയെക്കാള്‍ മറ്റുകാര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നു ജനം വ്യാഖ്യാനിക്കുമെന്നും പോസ്റ്റ് കുറ്റപ്പെടുത്തുന്നു. ഉമ്മന്‍ചാണ്ടി അഞ്ച് വര്‍ഷം മുഖ്യമന്ത്രി ആയി ഇരുന്ന ഭരണത്തില്‍ പാര്‍ട്ടിയ്ക്കും, മുന്നണിയ്ക്കും ക്ഷീണം ഉണ്ടാക്കുന്ന ചില സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളോ, പ്രവര്‍ത്തകരോ അങ്ങയെയോ, സര്‍ക്കാരിനെയോ പിന്നില്‍ നിന്ന് കുത്തുകയോ, കുറ്റപ്പെടുത്തുകയോ ചെയ്തില്ല. തെരഞ്ഞെടുപ്പിന് ശേഷം പരാജയത്തിന്റെ പേരിലും മൂന്ന് നേതാക്കന്മാരെയും ആരും പഴി പറഞ്ഞില്ലെന്നും മഹേഷ് ഓര്‍മ്മപ്പെടുത്തുന്നു.
എടുത്ത് പറയുന്നില്ലെങ്കിലും സോളാര്‍, സലീംരാജ് കേസുകള്‍ ഉള്‍പ്പടെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മുന്നണിക്ക് നാണകേടുണ്ടാക്കിയെന്ന് സിആര്‍ മഹേഷ് വൈകിയാണെങ്കിലും തുറന്നു പറഞ്ഞതും ശ്രദ്ധേയമാണ്. ഒപ്പം കെപിസിസി പ്രസിഡന്റ് പോസ്റ്റില്‍ കണ്ണുവെച്ചിരിക്കുന്ന ഉമ്മന്‍ചാണ്ടിക്കൊരു മുന്നറിയിപ്പും ഭീഷണിയും പോസ്റ്റില്‍ നിന്നു വായിച്ചെടുക്കാം. ഡിസിസി പ്രസിഡന്റുമാരുടെ നിയമനത്തെ പുകഴ്ത്തുന്ന മഹേഷ് താങ്കള്‍ പറയുന്നവര്‍ മാത്രമാണ് കഴിവും യോഗ്യതയും ഉള്ളവരെന്ന ഉമ്മന്‍ചാണ്ടിയുടെ വാദത്തേയും വിമര്‍ശിക്കുന്നു.
അതേസമയം, പരാമര്‍ശം മാധ്യമങ്ങളില്‍ നിറഞ്ഞതോടെ മഹേഷ് തന്റെ പോസ്റ്റ് പിന്‍വലിച്ച് നിലപാടും തീരുത്തി.
‘ബഹുമാന്യനായ ഉമ്മന്‍ചാണ്ടി സാര്‍ കൂടി പങ്കെടുത്താല്‍ മാത്രമേ കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതി പരിപൂര്‍ണമാകുകയുള്ളു എന്ന ഒരു സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വികാരമാണ് ഞാന്‍ ഇവിടെ പറഞ്ഞത്. എന്നാല്‍ പലര്‍ക്കും പറഞ്ഞത് എന്തെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ഞാന്‍ ഒരു ഗ്രൂപ്പിന്റെയും വ്യക്താവും അല്ല, ആളും അല്ല, എന്നെ അങ്ങനെ ആരും ആക്കാന്‍ നില്‍ക്കുകയും വേണ്ട. പാര്‍ട്ടി തന്നെയാണ് വലുത്, അത് കൊണ്ട് അന്തരീക്ഷം കൂടുതല്‍ കലുഷിതമാകാതെ ഇരിക്കാന്‍ വേണ്ടി ഞാന്‍ എന്റെ പോസ്റ്റ് പിന്‍വലിക്കുകയാണ്.’-മഹേഷ് പറയുന്നു.
Get real time update about this post categories directly on your device, subscribe now.