മോദിയുടെ നോട്ട് അസാധുവാക്കല്‍ വമ്പന്‍ പരാജയമെന്നുറപ്പായി; അസാധുവാക്കിയ 97% നോട്ടും ബാങ്കിലെത്തി; ഉപകാരമില്ലാത്ത കാര്യത്തിന്‍റെ പേരില്‍ നെട്ടോട്ടമോടിച്ചതിന് പ്രധാനമന്ത്രി ജനങ്ങളോടു മാപ്പു പറയുമോ?

ദില്ലി: കള്ളപ്പണവും കള്ളനോട്ടും തടയാനെന്ന പേരില്‍ ഒരു എട്ടുമണി പ്രഖ്യാപനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ജനങ്ങളെ നെട്ടോട്ടമോടിച്ചതിന് യാതൊരു ഫലവുമുണ്ടായില്ലെന്നു വ്യക്തമായി. പ‍ഴയ അഞ്ഞൂറിന്‍റെയും ആയിരത്തിന്‍റെയും നോട്ടുകള്‍ അസാധുവാക്കിയതിലൂടെ പ്രധാനമന്ത്രി ലക്ഷ്യമിട്ടതിന്‍റെ പത്തിലൊന്നു ഗുണം പോലുമുണ്ടായില്ലെന്നാണു കണക്കുകള്‍ വ്യക്തമാക്കുന്നത്. അസാധുവാക്കിയ നോട്ടിന്‍റെ 97 ശതമാനവും അനുവദിച്ച സമയത്തിനുള്ളില്‍ ബാങ്കുകളിലെത്തിയായി ബ്ലൂംബര്‍ഗിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇത്രയും നോട്ടുകള്‍ ബാങ്കുകളിലെത്തിയ സാഹചര്യത്തില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ കാരണമായ എട്ടുമണി പ്രഖ്യാപനത്തിലൂടെ കള്ളപ്പണം പിടിക്കുകയോ കള്ളനോട്ട് തടയുകയോ ചെയ്തിട്ടില്ലെന്നാണു വ്യക്തമാകുന്നത്. ഡിസംബര്‍ മുപ്പതുവരെയായിരുന്നു അസാധുവാക്കിയ നോട്ടുകള്‍ മാറിയെടുക്കുന്നതിന് അനുവദിച്ച സമയം. ഈ സമയത്തുതന്നെ 97 ശതമാനം അസാധു നോട്ടുകളും ബാങ്കിലെത്തിയതിനാല്‍ മോദിയുടെ പ്രഖ്യാപനം ജനങ്ങളെ അത്രകണ്ടു ബുദ്ധിമുട്ടിച്ചു എന്നും വ്യക്തം.

14.97 ലക്ഷം കോടി രൂപയുടെ അസാധു നോട്ടുകളാണു ബാങ്കുകളിലെത്തിയത്. പ്രധാനമന്ത്രി കടുത്ത രീതിയില്‍ വിമര്‍ശനം ഏറ്റുവാങ്ങിയ നടപടി കൂടിയായിരുന്നു നോട്ട് അസാധുവാക്കല്‍. കേന്ദ്രം ഭരിക്കുന്ന ദേശീയ ജനാധിപത്യസഖ്യത്തിനുള്ളില്‍നിന്നു പോലും കടുത്ത വിമര്‍ശനമാണുണ്ടായത്. അമ്പതു ദിവസം കൊണ്ട് രാജ്യത്തെ കള്ളപ്പണ മുക്തമാക്കുമെന്നായിരുന്നു മോദിയുടെ പ്രഖ്യാപനം. താന്‍ പറഞ്ഞതു പോലെ സംഭവിച്ചില്ലെങ്കില്‍ തന്നെ പച്ചയ്ക്കു കത്തിച്ചോളാനായിരുന്നു വിമര്‍ശനങ്ങളോടുള്ള മോദിയുടെ മറുപടി.

എന്തിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇത്തരത്തില്‍ യാതൊരു ഗുണവുമില്ലാത്ത നടപടിയെടുത്തതെന്നു വ്യക്തമാക്കണമെന്നാവശ്യപ്പെട്ടു കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ഓണ്‍ൈലന്‍ ഷോപ്പിംഗ് സൈറ്റുകള്‍ക്കും ഓണ്‍ലൈന്‍ ഇടപാടു സൈറ്റുകള്‍ക്കും വന്‍ സ്വീകാര്യതയാണ് മോദിയുടെ തീരുമാനത്തോടെ ലഭിച്ചത്.

പണരഹിത സാമ്പത്തിക വ്യവസ്ഥ എന്ന മോദിയുടെ ലക്ഷ്യത്തിലും വലിയ സംശയങ്ങളുണ്ട്. കടുത്ത ദുരൂഹത ബാക്കി വയ്ക്കുന്നതായിരുന്നു പ്രധാനമന്ത്രിയുടെ ഓരോ തീരുമാനങ്ങളും. അതെല്ലാം സംശയാസ്പദമെന്നു തെളിയിക്കുന്നതാണ് ബ്ലൂംബര്‍ഗ് പുറത്തുവിടുന്ന കണക്കുകള്‍. രാജ്യത്തെ സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പെരുകും വിധമുള്ള പരിഷ്കാരങ്ങള്‍ നടത്തുമ്പോള്‍ എറ്റവും സുഖകരമായ അവസ്ഥയിലായിരുന്നു കോര്‍പറേറ്റുകള്‍ എന്നതും ശ്രദ്ധേയമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News