മോദിയുടെ ‘പുതിയ നോട്ടി’ൽ ഗാന്ധിയില്ല; എസ്ബിഐയിൽ നിന്നും വിതരണം ചെയ്തത് ഗാന്ധിയുടെ ചിത്രമില്ലാത്ത 2000 രൂപ നോട്ട്; അച്ചടി പിശകാണെന്നു ബാങ്ക്

ഭോപ്പാൽ: മോദിയുടെ ‘പുതിയ നോട്ട്’ എത്തിയത് ഗാന്ധിയെ ഒഴിവാക്കിക്കൊണ്ട്. സ്‌റ്റേറ്റ് ബാങ്കിൽ നിന്നും വിതരണം ചെയ്ത നോട്ടാണ് ഗാന്ധിയുടെ ചിത്രമില്ലാതെ എത്തിയത്. മധ്യപ്രദേശിൽ എസ്ബിഐയിൽ നിന്നാണ് ഗാന്ധിയുടെ ചിത്രമില്ലാതെ പുതിയ 2000 രൂപ നോട്ട് വിതരണം ചെയ്തത്. എന്നാൽ, സംഭവം കള്ളനോട്ട് അല്ലെന്നും അച്ചടി പിശകാണെന്നുമാണ് ബാങ്ക് അധികൃതർ നൽകുന്ന വിശദീകരണം.

മധ്യപ്രദേശിലെ എസ്ബിഐയിൽ നിന്നും കർഷകർക്ക് വിതരണം ചെയ്ത പുതിയ 2000 രൂപ നോട്ടിലാണ് ഗാന്ധിജിയുടെ ചിത്രം ഇല്ലാത്തത്. ചൊവ്വാഴ്ച ഷോലാപൂർ ജില്ലയിലെ ബദോദ തെഹ്‌സിലിൽ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിൽ നിന്ന് കർഷകർ പിൻവലിച്ച പണത്തിൽ രാഷ്ട്രപിതാവിന്റെ ചിത്രമുണ്ടായിരുന്നില്ല. ഗാന്ധിയുടെ ചിത്രം പ്രിന്റ് ചെയ്യേണ്ട ഇടം ശൂന്യമായി കിടക്കുകയാണ് ഈ നോട്ടുകളിൽ. കർഷകർ ആശങ്ക പ്രകടിപ്പിച്ചതോടെ നോട്ടുകൾ ബാങ്ക് തിരിച്ചെടുത്തു. സമാനമായ പിഴവുകളുള്ള യഥാർത്ഥ നോട്ടുകൾ പ്രദേശത്ത് വിതരണം ചെയ്തിട്ടുണ്ടെന്ന് ബാങ്ക് അധികൃതരും പൊലീസും വ്യക്തമാക്കി.

ബാങ്കിൽ നിന്നും 6000 രൂപ പിൻവലിച്ച ലക്ഷ്മൺ മീണ എന്ന കർഷകനാണ് തനിക്ക് ലഭിച്ചത് ഗാന്ധിജിയുടെ ചിത്രം പ്രിന്റ് ചെയ്യാത്ത നോട്ടാണെന്ന് ആദ്യം തിരിച്ചറിഞ്ഞത്. ഉടൻ ബാങ്കിലെത്തി വിവരം നൽകിയിട്ടും ജീവനക്കാർ ഉദാസീന നിലപാടാണ് സ്വീകരിച്ചതെന്നു മീണ പറയുന്നു. വൈകാതെ ഗുർമീത് സിംഗ് എന്ന കർഷകനും പരാതിയുമായി എത്തി. ഇതോടെയാണ് നോട്ട് തിരിച്ചുവാങ്ങി പകരം തുക നൽകാൻ ബാങ്ക് അധികൃതർ തയ്യാറായതെന്നും മീണ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News