ബംഗളൂരുവിൽ നടുറോഡിൽ പെൺകുട്ടിയെ അപമാനിച്ച നാലു യുവാക്കൾ അറസ്റ്റിൽ; പെൺകുട്ടിയെ പ്രതികൾ ദിവസങ്ങളോളം നിരീക്ഷിച്ചെന്നു പൊലീസ്

ബംഗളൂരു: ബംഗളൂരുവിൽ ന്യൂ ഇയർ ആഘോഷത്തിനിടെ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ നാലു യുവാക്കളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ബംഗളൂരു പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്ത നാലു പേരുടെ അറസ്റ്റാണ് ഇന്നു രേഖപ്പെടുത്തിയത്. പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പെൺകുട്ടിക്കെതിരെ ഉണ്ടായത് അപ്രതീക്ഷിതമായ ആക്രമണം അല്ലെന്നാണ് പൊലീസിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്. പെൺകുട്ടിയെ അഞ്ചു ദിവസങ്ങളോളം നിരീക്ഷിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

അറസ്റ്റ് രേഖപ്പെടുത്തിയ നാലു പേരിൽ ഒരാൾ ഐടിഐ വിദ്യാർത്ഥിയാണ്. അയ്യപ്പ എന്നു പേരുള്ള ഇയാളാണ് സൂത്രധാരനും. ബംഗളൂരുവിൽ ഡെലിവറി ബോയ് ആയും യുവാവ് പ്രവർത്തിക്കുന്നുണ്ട്. ഒരു സ്വകാര്യ സ്ഥാപനത്തിലെ സഹായിയായ ലെനോ, ഡ്രൈവറായ സോമശേഖർ എന്ന ചിന്നി, സുദേഷ് എന്ന മറ്റൊരു ഡെലിവറി ബോയ് എന്നിവരാണ് അറസ്റ്റിലായത്. ഇവർ കുറ്റം സമ്മതിക്കുകയും ചെയ്തു. രണ്ടു പേർ കൂടി സംഘത്തിലുണ്ട്. ഇവർക്കായി തെരച്ചിൽ പുരോഗമിക്കുകയാണെന്നു പൊലീസ് അറിയിച്ചു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്; അന്നു രാത്രി പ്രതികൾ നാലുപേരും റോഡിൽ പുതുവർഷം ആഘോഷിക്കുകകായിരുന്നു. ആ സമയത്താണ് പെൺകുട്ടി ഓട്ടോറിക്ഷയിൽ അവിടെ വന്നിറങ്ങിയത്. പ്രതികളിൽ ഒരാൾ പെൺകുട്ടിയെ തിരിച്ചറിയുകയും ചെയ്തു. മുമ്പ് തന്നെ ദിവസങ്ങളോളം പെൺകുട്ടിയെ പ്രതികൾ നോട്ടമിട്ടിരുന്നു. പെൺകുട്ടിയെ പിന്തുടർന്ന പ്രതികൾ തക്കം കിട്ടിയപ്പോൾ കയറിപ്പിടിക്കുകയായിരുന്നെന്നും പൊലീസ് ബംഗളൂരു പൊലീസ് മേധാവി പറഞ്ഞു.

പ്രതികളിൽ ഒരാൾ പെൺകുട്ടിയുടെ താമസസ്ഥലത്തിനു തൊട്ടടുത്താണ് താമസിക്കുന്നത്. അന്നുമുതൽ പെൺകുട്ടിയെ ഇയാൾ ശല്യം ചെയ്യുന്നുണ്ടെന്നു പൊലീസ് അറിയിച്ചു. പ്രതികളെ കസ്റ്റഡിയിലെടുത്ത ശേഷം പെൺകുട്ടിയെ പൊലീസ് ബന്ധപ്പെട്ടിരുന്നു. പെൺകുട്ടിയും പ്രതികളെ തിരിച്ചറിഞ്ഞു. പെൺകുട്ടി അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

പുതുവർഷാഘോഷം കഴിഞ്ഞതിനു പിറ്റേ ദിവസമാണ് ബംഗളൂരു നഗരത്തിൽ നടുറോഡിൽ പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിക്കുന്ന യുവാക്കളുടെ ദൃശ്യങ്ങൾ പുറത്തു വന്നത്. ഞായറാഴ്ച പുലർച്ചെ രണ്ടു മണിയോടെ ഈസ്റ്റ് ബംഗളുരുവിലെ കമ്മനഹള്ളിയിലായിരുന്നു സംഭവം. സ്‌കൂട്ടറിലെത്തിയ രണ്ടു യുവാക്കൾ പെൺകുട്ടിയെ അപമാനിക്കാനും കയറിപ്പിടിക്കാനും ശ്രമിക്കുന്നതാണ് ദൃശ്യങ്ങളിൽ ഉണ്ടായിരുന്നത്. സമീപത്തെ വീടിന്റെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

അതേസമയം, പെൺകുട്ടിയെ അപമാനിക്കുന്നത് കണ്ടിട്ടും പ്രദേശവാസികളും മിണ്ടാതെ നിൽക്കുകയായിരുന്നു. എതിർപ്പ് തുടർന്നതിനാൽ യുവാക്കൾ പെൺകുട്ടിയെ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. പുതുവർഷരാവിൽ ബംഗളൂരുവിൽ സ്ത്രീകൾക്ക് നേരെ നടന്ന ലൈംഗികാതിക്രമം ഏറെ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം.

നൂറോളം പെൺകുട്ടികളാണ് അന്ന് എംജി റോഡ്, ബ്രിഗ്രേഡ് റോഡ് എന്നിവിടങ്ങളിൽ ലൈംഗികാതിക്രമത്തിനിരയായത്. അശ്ലീലം പറഞ്ഞും സമ്മതമില്ലാതെ ശരീരത്തിൽ സ്പർശിച്ചുമാണ് യുവാക്കളുടെ കൂട്ടം പെൺകുട്ടികളെ അപമാനിച്ചത്. 1500ഓളം പൊലീസുകാർ സ്ഥലത്ത് നിലകൊള്ളുമ്പോഴായിരുന്നു അക്രമങ്ങളുടെ പരമ്പര. പല സംഭവങ്ങളും നടക്കുമ്പോൾ പൊലീസുകാർ കാഴ്ച്ചക്കാരായി നിൽക്കുകയായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News