തട്ടേക്കാട് കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചത് നായാട്ടിനിടെ; കാട്ടാന ആക്രമണത്തിൽ നാടകീയ വഴിത്തിരിവ്

കോതമംഗലം: തട്ടേക്കാട് കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവംനായാട്ടിനിടെയാണെന്നു വനംവകുപ്പ്. സ്ഥലത്തു നടത്തിയ അന്വേഷണത്തിലാണ് വനംവകുപ്പ് ഇതുസംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയത്. ഇതോടെ സംഭവത്തിൽ നാടകീയ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്. കൊല്ലപ്പെട്ട യുവാവും സംഘവും കാട്ടിൽ നായാട്ടു നടത്തുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നെന്നു വനംവകുപ്പ് സ്ഥിരീകരിച്ചു. നായാട്ടു സംഘത്തിൽ ഉൾപ്പെട്ട കൂടുതൽ ആളുകൾക്കായി വനപാലകരും പൊലീസും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ഇന്നലെ രാത്രിയാണ് സംഭവം. തട്ടേക്കാട് പക്ഷിസങ്കേതത്തോടു ചേർന്ന് വനത്തിൽ കൊല്ലപ്പെട്ട നിലയിൽ വഴുതനപ്പിളളി സ്വദേശി ടോണിയെ കണ്ടെത്തി. കാട്ടാനയുടെ കുത്തേറ്റാണ് മരിച്ചതെന്നു മൃതദേഹത്തിലെ മുറിവിൽ നിന്നു വ്യക്തമായിരുന്നു. ടോണിയുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ബേസിൽ തങ്കച്ചനും കുത്തേറ്റിരുന്നു. ഇയാളുടെ പരുക്ക് ഗുരുതരമാണ്. ഇതേതുടർന്നാണ് വനപാലകർ സ്ഥലത്ത് വിശദമായ പരിശോധന നടത്തിയത്.

പരിശോധനയിൽ നായാട്ടിനായാണ് ഇരുവരും കാട്ടിൽ കയറിയതെന്നു വ്യക്തമായി. നായാട്ടിനായി കൊണ്ടു വന്ന തോക്കും കത്തിയും ടോർച്ചും ബാഗും സംഭവസ്ഥലത്തു നിന്ന് കണ്ടെത്തി. ആനയെ വെടിവയ്ക്കുന്നതിനിടെ ഒരു തിര കൊല്ലപ്പെട്ട ടോണിയുടെ തുടയിൽ തുളച്ചു കയറിയതായും വനപാലകർ സംശയിക്കുന്നു.

കാട്ടിൽ അതിക്രമിച്ചു കയറിയ ഇരുവരെയും രാത്രി എട്ടരയോടെ രണ്ടു കാട്ടാനകൾ ചേർന്ന് ആക്രമിക്കുകയായിരുന്നെന്നാണ് നിഗമനം. ഇരുവർക്കുമൊപ്പം ഷജിത്ത്, അനീഷ് എന്നീ തട്ടേക്കാട് സ്വദേശികളും നായാട്ട് സംഘത്തിലുണ്ടായിരുന്നെന്ന സൂചനകളും വനംവകുപ്പിന് ലഭിച്ചിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്യാനുളള നടപടികളും ഊർജിതമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News