ഒമ്പതു പേരായി ചുരുങ്ങിയിട്ടും പോരാട്ടവീര്യം തളർന്നില്ല; ബാഴ്‌സലോണയെ പൊളിച്ചടുക്കി അത്‌ലറ്റിക് ബിൽബാവോ

ഒമ്പതുപേരായി ചുരുങ്ങിയിട്ടും തളരാത്ത അത്‌ലറ്റിക് ബിൽബാവോയുടെ പോരാട്ടവീര്യത്തിനു മുന്നിൽ ബാഴ്‌സലോണ അടിയറവ് പറഞ്ഞു. ഇന്നലെ നടന്ന കോപ ഡെൽ റേ പ്രീക്വാർട്ടർ മത്സരത്തിലാണ് ബാഴ്‌സലോണയ്ക്ക് അടിതെറ്റിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബിൽബാവോ ബാഴ്‌സയെ തകർത്തുവിട്ടു. അങ്ങനെ പുതുവർഷത്തിലെ ആദ്യ മത്സരത്തിൽ തന്നെ ബാഴ്‌സലോണയ്ക്ക് തോൽവിയോടെ തുടങ്ങേണ്ടിവന്നു. റാൾ ഗാർഷ്യയും ആൻഡർ ഇട്ടുറാസ്‌പെയും ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതിനാൽ ബിൽബാവോ ഒമ്പതുപേരായി ചുരുങ്ങിയിരുന്നു.

കളിയുടെ ആദ്യപകുതിയിൽ തന്നെ ബിൽബാവോ മുന്നിലെത്തിയിരുന്നു. നാലു മിനിറ്റുകൾക്കകമായിരുന്നു ബിൽബാവോ രണ്ടു ഗോളുകളും നേടിയത്. 25-ാം മിനിറ്റിൽ അരിട്‌സ് അഡൂറിസിലൂടെ ബിൽബാവോ ആദ്യം മുന്നിലെത്തി. ആദ്യം റൗൾ ഗാർഷ്യയ്ക്ക് പാസ് കൈമാറിയ അഡൂറിസ്, ഒട്ടും സമയം പാഴാക്കാതെ മുന്നിലേക്ക് ഓടിക്കയറി. അതേ പാസ് തിരികെവാങ്ങി അഡൂറിസ് നിറയൊഴിച്ചു. അതിന്റെ ഞെട്ടലിൽ നിന്ന് മുക്തരാകും മുമ്പേ ബാഴ്‌സയുടെ വലയിൽ രണ്ടാമത്തെ ഗോളും എത്തിയിരുന്നു. ഇത്തവണ ജോർദി ആൽബയുടെ ദുർബലമായ ക്ലിയറിംഗിലൂടെ ലഭിച്ച പന്ത് ഇനാകി വില്യംസ് നല്ലൊരു ഗോളിലേക്ക് വഴി തിരിച്ചുവിട്ടു.

രണ്ടാം പകുതിയിലാണ് ബാഴ്‌സയുടെ മറുപടി ഗോൾ എത്തിയത്. രണ്ടാം പകുതി തുടങ്ങി ഏഴാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക് അതിമനോഹരമായ കിക്കിലൂടെ മെസ്സി ഗോളാക്കി മാറ്റി. അതിനിടയിലാണ് ബിൽബാവോയ്ക്ക് കനത്ത തിരിച്ചടി നൽകി റൗൾ ഗാർഷ്യ പുറത്തേക്കു പോകുന്നത്. രണ്ടാമത്തെ മഞ്ഞക്കാർഡും വാങ്ങിയതിനു 74-ാം മിനിറ്റിൽ ഗാർഷ്യക്ക് ചുവപ്പ് കാർഡ് കണ്ട് പുറത്തു പോകേണ്ടി വന്നു. അതിന്റെ ആഘാതം മാറും മുമ്പേ ഇട്ടുറാസ്‌പെയും മടങ്ങി. രണ്ടാമത്തെ മഞ്ഞക്കാർഡ് വാങ്ങിയ ഇട്ടുറാസ്‌പെയും മടങ്ങിയതോടെ ബിൽബാവോ ഒമ്പതു പേരായി ചുരുങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News