ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു സുപ്രീംകോടതിയോടു നിരുപാധികം മാപ്പു പറഞ്ഞു; കട്ജുവിനെതിരായ കോടതിയലക്ഷ്യ നടപടികൾ അവസാനിപ്പിച്ചു

ദില്ലി: ജസ്റ്റിസ് മാർക്കണ്ഡേയ് കട്ജുവിനെതിരായ കോടതിയലക്ഷ്യ കേസ് നടപടികൾ അവസാനിപ്പിച്ചു. ജസ്റ്റിസ് കട്ജു നിരുപാധികം മാപ്പു പറഞ്ഞ സാഹചര്യത്തിലാണ് കേസ് നടപടികൾ അവസാനിപ്പിക്കാൻ കോടതി തീരുമാനിച്ചത്. കട്ജുവിന്റെ മാപ്പപേക്ഷ സുപ്രീംകോടതി അംഗീകരിച്ചു.

സൗമ്യ വധക്കേസ് വിധിയെ ചോദ്യം ചെയ്ത് കട്ജു സുപ്രീംകോടതിയെ രൂക്ഷമായി വിമർശിച്ചിരുന്നു. വിമർശനാത്മകമായ ഈ പരാമർശങ്ങളിലാണ് കട്ജു കോടതിയോടു മാപ്പപേക്ഷിച്ചത്. കട്ജുവിന്റെ പരാമർശങ്ങളെ സുപ്രീംകോടതി തുറന്ന കോടതിയിൽ വിമർശിച്ചിരുന്നു. കട്ജുവിനെതിരെയും വിമർശനം ഉയർന്നിരുന്നു.

കട്ജുവിന്റെ വാദങ്ങൾ എതിർത്ത കോടതി അദ്ദേഹത്തിനെതിരെ കോടതിയലക്ഷ്യത്തിന് നോട്ടീസ് നൽകുകയായിരുന്നു. കോടതിയെയും വിധിയെയും വിമർശിച്ചെന്ന പേരിലാണ് കട്ജുവിനെതിരെ കോടതിയലക്ഷ്യത്തിന് നോട്ടീസ് നൽകിയത്. കട്ജു നടത്തിയ പരാമർശങ്ങൾ കോടതിയോടും കോടതി വിധിയോടുമുള്ള അവഹേളനമാണെന്ന് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് കോടതിയിൽ പറഞ്ഞു. വാദങ്ങളെ അംഗീകരിക്കാതിരുന്ന കട്ജുവിനോട് കോടതിക്ക് പുറത്തു പോകാനും രഞ്ജൻ ഗൊഗോയ് ആവശ്യപ്പെട്ടിരുന്നു. കോടതിയലക്ഷ്യത്തിന് നടപടിയെടുക്കേണ്ടെങ്കിൽ കാരണം ബോധിപ്പിക്കണമെന്നും അദേഹം ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, ഇതിനെയും രൂക്ഷമായി വിമർശിച്ച് കട്ജു രംഗത്തെത്തിയിരുന്നു. സുപ്രീംകോടതി തന്നോടു അനീതി കാണിച്ചെന്നാണ് ജസ്റ്റിസ് കട്ജു പറഞ്ഞത്. തന്റെ സഹായം ആവശ്യമുണ്ടെന്നു കരുതി കോടതിയിൽ പോയപ്പോൾ തന്നെ വിളിച്ചുവരുത്തി അപമാനിക്കുന്ന പെരുമാറ്റമാണ് സുപ്രീംകോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. സുപ്രീംകോടതി മുൻ ജഡ്ജിയെന്ന പരിഗണന തനിക്കു ലഭിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.

കേസ് പുനഃപരിശോധിക്കാൻ തന്റെ സഹായം വേണമെന്ന് സത്യസന്ധമായാണ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അപേക്ഷിച്ചതെന്ന് കരുതിയാണ് താൻ കോടതിയിലെത്തിയത്. എന്നാൽ വാദം തുടങ്ങിയപ്പോഴാണ് തന്നെ അപമാനിക്കാനാണ് വിളിച്ചുവരുത്തിയതെന്നു മനസ്സിലായത്. ഗൊഗോയ് മുൻകൂട്ടി തയ്യാറാക്കിയ നാടകമാണ് കോടതിയിൽ നടന്നത്. സത്യസന്ധമായി സൗമ്യ കേസ് പുനഃപരിശോധിക്കണമെന്ന ഉദ്ദേശം കോടതിക്ക് ഉണ്ടായിരുന്നില്ല. തന്റെ വാദം കേൾക്കുന്നതായി നടിക്കുക മാത്രമാണ് ജഡ്ജിമാർ ചെയ്തത്. തന്നെ അവഹേളിക്കാനും കോടതിയലക്ഷ്യ നടപടിക്ക് നോട്ടീസ് നൽകാനുമുള്ള സന്ദർഭമായാണ് അവർ വാദത്തെ കണ്ടതെന്നും കട്ജു ആരോപിച്ചിരുന്നു.

സൗമ്യ വധക്കേസിൽ പ്രതി ഗോവിന്ദചാമിയുടെ വധശിക്ഷ റദ്ദാക്കിയതിനെതിരെ കേരളാ സർക്കാരും സൗമ്യയുടെ അമ്മയും നൽകിയ പുനപരിശോധന ഹർജി തള്ളി കൊണ്ടാണ് കട്ജുവിന് കോടതി കോടതിയലക്ഷ്യത്തിന് നോട്ടീസ് നൽകിയത്. സൗമ്യവധക്കേസിലെ കോടതി വിധിയെ സോഷ്യൽമീഡിയയിലൂടെ വിമർശിച്ച് കുറിപ്പെഴുതിയതിന്റെ പേരിലാണ് ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു നേരിട്ട് ഹാജരായി വിധിയിലെ പിഴവ് എന്തെന്ന് ചൂണ്ടിക്കാണിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടത്. ഇതനുസരിച്ചായിരുന്നു ജസ്റ്റിസ് കട്ജു കോടതിയിലെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News