ശശികലയ്‌ക്കെതിരെ പ്രതിഷേധവുമായി എഐഎഡിഎംകെ പ്രവര്‍ത്തകര്‍; രാഷ്ട്രീയ പ്രവേശന സൂചന നല്‍കി ദീപ ജയകുമാര്‍

ചെന്നൈ : ജയലളിതയുടെ പിന്‍ഗാമി ശശികലയ്‌ക്കെതിരെ ആര്‍കെ നഗര്‍ മണ്ഡലത്തില്‍ എഐഎഡിഎംകെ പ്രവര്‍ത്തകരുടെ പ്രതിഷേധം. മണ്ഡലത്തില്‍ ശശികലയെ സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കില്ലെന്നാണ് അണികളുടെ നിലപാട്. ആര്‍കെ നഗറില്‍ ശശികല സ്ഥാനാര്‍ത്ഥിയാകണമെന്ന് ആവശ്യപ്പെട്ട എംഎല്‍എയ്‌ക്കെതിരെയും പ്രവര്‍ത്തകര്‍ പ്രതിഷേധമുയര്‍ത്തി. അതേസമയം രാഷ്ട്രീയത്തിലേക്ക് കടന്നുവരുമെന്ന സൂചന നല്‍കി ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാറും രംഗത്തെത്തി.

ജയലളിതയുടെ യഥാര്‍ത്ഥ അനന്തരാവകാശി സഹോദര പുത്രി ദീപയാണ്. അതിനാല്‍ ആര്‍കെ നഗറില്‍ ദീപ മത്സരിക്കണം. ഞങ്ങള്‍ അമ്മയ്ക്ക് വേണ്ടി മാത്രമാണ് വന്നത്. ഞങ്ങള്‍ ചിന്നമ്മയ്ക്ക് വോട്ട് ചെയ്യുമെന്ന പ്രതീക്ഷ വേണ്ടന്നെും ഒരുവിഭാഗം പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു. സ്ത്രീ വോട്ടര്‍മാരാണ് കടുത്ത പരസ്യ പ്രതിഷേധം ഉയര്‍ത്തുന്നത്.

അതേസമയം രാഷ്ട്രീയത്തിലേക്കുള്ള തന്റെ കടന്നുവരവിനെ തടയാന്‍ ആര്‍ക്കുമാവില്ലെന്ന് ദീപ ജയകുമാര്‍ പറഞ്ഞു. രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവിനെ കുറിച്ച് ഉടന്‍ അറിയിക്കും. ത്യാഗരാജ നഗറിലുള്ള തന്റെ വസതിയില്‍ എത്തിയ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു ദീപ.

രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ തയാറാണെന്നു ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജയലളിതയുടെ പിന്‍ഗാമി താനാണെന്നാണ് ദീപയുടെ അവകാശവാദം. എന്നാല്‍ എഐഎഡിഎംകെയുടെ രണ്ടാംനിര നേതാക്കളുടെ പോലും പിന്തുണ നേടാന്‍ ദീപയ്ക്കായിട്ടില്ല. ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ഒരിക്കല്‍പ്പോലും അവരെ കാണാന്‍ അനുവദിച്ചില്ലെന്ന ദീപയുടെ ആരോപണം മാധ്യമശ്രദ്ധ നേടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News