നോട്ട് നിരോധനം രാജ്യത്തിന്റെ വളർച്ചയെ പിന്നോട്ടടിച്ചെന്നു കണക്കുകൾ; ജിഡിപി 7.1 ശതമാനമായി കുറയുമെന്നു കേന്ദ്രസർക്കാർ കണക്കുകൾ

ദില്ലി: നോട്ട് നിരോധനം രാജ്യത്തിന്റെ വളർച്ചയെ പിന്നോട്ടടിച്ചെന്നു കേന്ദ്രസർക്കാർ കണക്കുകൾ. സാമ്പത്തിക വളർച്ച നടപ്പു സാമ്പത്തിക വർഷത്തിൽ കുത്തനെ ഇടിയുമെന്നു കേന്ദ്ര സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം 7.6 ശതമാനം വളർച്ച ഇത്തവണ 7.1 ശതമാനം ആയി കുറയുമെന്നാണ് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് വ്യക്തമാക്കിയത്. വ്യവസായിക വളർച്ചയിലും രണ്ടു ശതമാനത്തിനടുത്ത് കുറവുണ്ടാകുമെന്നു കണക്കുകൾ വ്യക്തമാക്കുന്നു.

നോട്ടുകൾ നിരോധിച്ചത് രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് ഏൽപിക്കുന്ന ആഘാതം ചെറുതാകില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ തന്നെ പ്രവചനം. മാർച്ച് 31 ന് അവസാനിക്കുന്ന നടപ്പു സാമ്പത്തിക വർഷത്തിൽ വളർച്ചാനിരക്ക് മുൻ വർഷത്തെ അപേക്ഷിച്ച് കുത്തനെ ഇടിയുമെന്നാണ് കേന്ദ്ര സർക്കാരിനു കീഴിലുള്ള സെന്റട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് വ്യക്തമാക്കുന്നത്. നബംബർ എട്ടിലെ നോട്ട് നിരോധനത്തിനു ശേഷമുള്ള സ്ഥിതിവിവര കണക്കുകൾ പരിശോധിച്ചാണ് പ്രതീക്ഷിച്ച സാമ്പത്തിക വളർച്ച കൈവരിക്കാനാകില്ലെന്ന് കേന്ദ്രം തന്നെ അറിയിച്ചത്. 2016-17 സാമ്പത്തിക വർഷത്തെ ആഭ്യന്തര ഉൽപാദനം 121.55 ലക്ഷം കോടി രൂപയായിരിക്കും. അതായത് 7.1 ശതമാനത്തിന്റെ വളർച്ച. കഴിഞ്ഞ വർഷമുണ്ടായിരുന്ന 7.6 ശതമാനത്തേക്കാൾ 0.4 ശതമാനത്തിന്റെ കുറവ്.

വ്യവസായ വളർച്ചയിൽ 1.9 ശതമാനത്തിന്റെ കുറവുണ്ടാകും. നിർമാണ-ഖനന മേഖലകളിൽ വളർച്ചാ മുരടിപ്പ് രൂക്ഷമായിരിക്കുമെന്നും സിഎസ്ഒ ചൂണ്ടിക്കാട്ടുന്നു. നോട്ട് നിരോധനത്തിന്റെ പ്രശ്‌നങ്ങൾ തുടരുന്നതിനാൽ അടുത്ത രണ്ടു മാസത്തെ വിശദാംശങ്ങൾ കൂടി ലഭ്യമാകുമ്പോൾ വളർച്ചാ നിരക്കിൽ വീണ്ടും ഇടിവുണ്ടായേക്കാം. നോട്ട് നിരോധനം കാരണം സാമ്പത്തിക വളർച്ചയിൽ കുറവുണ്ടാകുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും നേരത്തെ പ്രവചിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News