ജയിലിൽ നിന്നു ഇനി ചപ്പാത്തി മാത്രമല്ല കേക്കും ബ്രഡും വരും; വിയ്യൂരിലെ ബേക്കറി യൂണിറ്റിൽ ബ്രെഡ് നിർമാണവും ആരംഭിച്ചു

തൃശ്ശൂർ: ജയിലിൽ നിന്നു ഇതുവരെ നിങ്ങൾക്ക് ചപ്പാത്തി കിട്ടിയിരുന്നെങ്കിൽ ഇനിമുതൽ ബേക്കറി ഉൽപ്പന്നങ്ങളും കഴിക്കാം. സംസ്ഥാനത്ത് ആദ്യമായി ജയിലിനുള്ളിൽ ബ്രെഡ് നിർമ്മാണം ആരംഭിച്ചു. വിയ്യൂർ സെൻട്രൽ ജയിലിലെ ബേക്കറി യൂണിറ്റിലാണ് ബ്രെഡ് ഉൽപാദനം തുടങ്ങിയത്. ക്രിസ്മസിനു വിപണിയിലെത്തിച്ച ബേക്കറി ഉൽപന്നങ്ങൾക്ക് വൻ സ്വീകാര്യത ലഭിച്ചതോടെയാണ് ജയിലിൽ കൂടുതൽ ഉൽപന്നങ്ങൾ നിർമ്മിച്ചു തുടങ്ങുന്നത്.

സംസ്ഥാനത്ത് വിയ്യൂർ സെൻട്രൽ ജയിലിൽ മാത്രമാണ് ബേക്കറി ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്നത്. കേക്ക്, കപ്പ് കേക്ക്, ബണ്ണ് തുടങ്ങിയവ നേരത്തെ തന്നെ ഇവിടെ നിർമ്മിച്ചു തുടങ്ങിയിരുന്നു. ക്രിസ്മസ് കാലത്തെ വൈവിധ്യമാർന്ന ഉത്പന്നങ്ങളുടെ നിരയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇതോടെ കൂടുതൽ പലഹാരങ്ങൾ ഉണ്ടാക്കാൻ തീരുമാനമെടുക്കുകയായിരുന്നു. ജയിൽ ഡിജിപി അനിൽകാന്ത് വിയ്യൂർ ജയിലിൽ തുടങ്ങിയ ബ്രെഡ് നിർമാണശാല ഉദ്ഘാടനം ചെയ്തു. ആദ്യ ഘട്ടത്തിൽ ദിവസേന ഇരുന്നൂറ് പാക്കറ്റ് ബ്രെഡുകളാണ് വിപണിയിലെത്തിക്കുക. ഇരുപത് രൂപയാണ് ഒരു പായ്ക്കറ്റിന്റെ വില.

പത്തു പേരാണ് ബേക്കറി യൂണിറ്റിൽ ജോലിയെടുക്കുന്നത്. ഉൽപാദനം കൂടുമ്പോൾ കൂടുതൽ തടവുകാരെ ഇവിടെ നിയോഗിക്കും. ബിരിയാണി, ചപ്പാത്തി ഒരുലക്ഷത്തിലധികം രൂപയുടെ ഭക്ഷണ സാധനങ്ങളാണ് പ്രതിദിനം വിയ്യൂർ ജയിലിൽ നിന്ന് വിറ്റുപോകുന്നത്. ബേക്കറി പലഹാരങ്ങൾ കൂടി എത്തുന്നതോടെ വരുമാനം ഇനിയുമുയരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News