മുംബൈ: കേന്ദ്രത്തിൽ ഭരിക്കുന്നത് 10,000 കൊല്ലത്തിനിടയിലെ മോശം ഭരണമാണെന്നു ശിവസേന. മുഖപത്രമായ സാമ്‌നയിൽ എഴുതിയ മുഖപ്രസംഗത്തിലാണ് മോദി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ശിവസേന രംഗത്തെത്തിയത്. ബിജെപി നേതാക്കൾ വിഡ്ഢികളുടെ സ്വർഗത്തിലാണെന്നും സാമ്‌നയിലെ മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നു. കറൻസി നിരോധിച്ചതിലൂടെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതം കാണാൻ ഈ വിഡ്ഢികൾക്കാവുന്നില്ലെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.
എൻഡിഎയിലെ രണ്ടാമത്തെ വലിയ സഖ്യകക്ഷിയാണ് ശിവസേന. ആ ശിവസേനയിൽ നിന്നു തന്നെ ഇത്തരത്തിൽ രൂക്ഷമായ എതിർപ്പ് ഉയരുന്നത് സർക്കാരിനും മുന്നണിക്കും സർവോപരി ബിജെപിക്കു തന്നെയും പ്രതിസന്ധിയുണ്ടാക്കും. അസാധു നോട്ട് മാറ്റാനാകാതെ ദില്ലിയിലെ ആർബിഐ ആസ്ഥാനത്തിനു മുന്നിൽ സ്ത്രീ വസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ചെന്ന വാർത്തകളുടെ പശ്ചാത്തലത്തിലാണ് ശിവസേനയുടെ പ്രതികരണം. നിസ്സഹായായ അവരുടെ അവസ്ഥ കാണുമ്പോൾ സർക്കാർ സ്‌പോൺസർ ചെയ്യുന്ന നിർഭയ ദുരന്തം പോലെയാണു തോന്നുന്നതെന്നും മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തി.
ബിജെപി നേതാക്കൾ മൂഢൻമാരുടെ സ്വർഗത്തിലാണ്. നോട്ട് അസാധുവാക്കിയ നടപടിയിലൂടെ കള്ളപ്പണത്തെ അവസാനിപ്പിക്കാമെന്നാണ് അവർ കരുതുന്നത്. എന്നാൽ, പുതിയ പരിഷ്‌കരണം ഇടത്തരക്കാരെയും പാവപ്പെട്ടവരെയുമാണ് ബാധിച്ചതെന്നാണ് സത്യമെന്നും ശിവസേന വ്യക്തമാക്കി. നോട്ട് അസാധുവാക്കലിനെ പിന്തുണച്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെയും മുഖപ്രസംഗത്തിൽ വിമർശിച്ചു.
Get real time update about this post categories directly on your device, subscribe now.