ബ്രസീലിൽ ജയിലിൽ വീണ്ടും തടവുകാർ ഏറ്റുമുട്ടി; 33 മരണം; മൃതദേഹങ്ങൾ ശിരസ്സറുത്ത നിലയിൽ

സാവോ പോളോ: ബ്രസീലിൽ വീണ്ടും ജയിലിൽ തടവുകാരുടെ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. 33 പേർ കൊല്ലപ്പെട്ടു. മൃതദേഹങ്ങൾ ശിരസ്സറുത്ത നിലയിലാണ് കണ്ടെത്തിയത്. മയക്കുമരുന്നു സംഘങ്ങൾ തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. തടവുകാർ കൂടുതലുള്ള റോറെയ്മാ സ്റ്റേറ്റിലെ മോണ്ടി ക്രിസ്റ്റോ റൂറൽ പെനിറ്റെന്റിയറി ജയിലിലാണ് ഇത്തവണ ഏറ്റുമുട്ടൽ നടന്നത്. ഒരാഴ്ചയ്ക്കിടെ തടവുകാരുടെ സംഘങ്ങൾ തമ്മിൽ രണ്ടാം തവണയാണ് ജയിലിൽ ഏറ്റുമുട്ടുന്നത്. നേരത്തെ ഒരാഴ്ച മുമ്പ് നടന്ന ഏറ്റുമുട്ടലിൽ 60 പേരാണ് കൊല്ലപ്പെട്ടിരുന്നത്.

മനാവൂസ് ജയിലിൽ ഏറ്റുമുട്ടൽ നടന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് പുതിയ സംഭവം അരങ്ങേറുന്നത്. മനാവൂസ് ജയിലിനു തൊട്ടടുത്തായാണ് മോണ്ടി ക്രിസ്‌റ്റോ ജയിൽ സ്ഥിതി ചെയ്യുന്നത്. ജയിലിനുള്ളിൽ മയക്കുമരുന്ന് സംഘങ്ങൾ ചേരി തിരിഞ്ഞ് ആക്രമണം നടത്തുകയായിരുന്നെന്നു പറയപ്പെടുന്നു. ജയിലിനുള്ളിൽ എതിർ ഗ്രൂപ്പിനു മേൽ മേധാവിത്വം നേടാനുള്ള ഒരു സംഘത്തിന്റെ ശ്രമം അക്രമത്തിൽ കലാശിക്കുകയായിരുന്നെന്നു ജയിൽ അധികൃതർ പറയുന്നു.

ഫസ്റ്റ് കമാന്റ് ഇൻ ക്യാപിറ്റൽ എന്ന രീതിയിൽ പരാമർശിക്കപ്പെടുന്ന പിസിസി ഗ്യാംഗ് ആണ് അക്രമം നടത്തിയതെന്നാണ് വിവരം. കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിലായി പാർപ്പിച്ചിരുന്ന ഇവർ പുലർച്ചെയോടെ തങ്ങളുടെ സെല്ലുകളുടെ പൂട്ട് തകർത്ത് എതിരാളികൾക്ക് നേരെ തിരിയുകയായിരുന്നു. അതേസമയം ഞായറാഴ്ച മനാവൂസ് ജയിലിൽ നടന്ന സംഭവത്തിന്റെ തുടർച്ചയാണോ ഇതെന്ന് വ്യക്തമല്ല. മയക്കുമരുന്ന് സംഘങ്ങൾ സജീവമാകുകയും അവർക്കെതിരേ നടപടികളും കൂടുതലായതോടെ ബ്രസീലിൽ ഗുണ്ടാവിളയാട്ടം അടുത്ത കാലത്ത് ശക്തമാണ്.

2012 ലെ കണക്കുകൾ പ്രകാരം ഒരു വർഷം 32 ദശലക്ഷം ഡോളർ വരെ മയക്കുമരുന്ന് സംഘങ്ങൾ സമ്പാദിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. നടപടി കടുത്തതോടെ സാവോപോളോയിലെ വിവിധ ഗുണ്ടാ സംഘങ്ങളിൽ നിന്നും മാത്രം 13,000 പേരാണ് ജയിലുകളിൽ കിടക്കുന്നത്. ഞായറാഴ്ച പിസിസി സംഘത്തിലെ ഗുണ്ടകൾ മനാവൂസ് ജയിലിൽ ഫാമിലി ഓഫ് നോർത്ത് (എഫ്ഡിഎൻ) സംഘവുമായി ഏറ്റുമുട്ടിയിരുന്നു. ബ്രസീലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ജയിൽ ഏറ്റുമുട്ടൽ സംഭവത്തിൽ 56 പേരാണ് മരിച്ചത്.

ഒരാഴ്ച മുമ്പ് മനാവൂസ് ജയിലിൽ ഏറ്റുമുട്ടൽ നടക്കുമ്പോൾ അതിനിടയിൽ 87 തടവുകാർ രക്ഷപ്പെട്ടിരുന്നു. ഇവരിൽ 40 പേരെ പൊലീസ് പിടികൂടുകയും ചെയ്തു. 700 പേർക്ക് മാത്രം ഇടയുള്ള റോറെയ്മ ജയിലിൽ പക്ഷേ തടവുകാരുടെ എണ്ണം 1,400 ആണെന്നാണ് ഒ ഗ്ലോബോ പത്രം റിപ്പോർട്ട് ചെയ്യുന്നത്. മനാവൂസ് ജയിലിലെ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ബ്രസീലിയൻ ജയിലിലെ സുരക്ഷ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചില പദ്ധതികൾ വ്യാഴാഴ്ച ബ്രസീലിയൻ അധികൃതർ പ്രഖ്യാപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here