പിസി ജോർജിന്റെ പുതിയ പാർട്ടി ഈമാസം 30നു പ്രഖ്യാപിക്കും; പാർട്ടിയുടെ പേര് കേരള ജനപക്ഷം; ആലോചനായോഗം കോട്ടയത്ത് ചേർന്നു

തിരുവനന്തപുരം: പിസി ജോർജ് പുതിയ രാഷ്ട്രീയ പാർട്ടിയുമായി എത്തുന്നു. കേരള ജനപക്ഷം എന്നു പേരിട്ടിരിക്കുന്ന പുതിയ പാർട്ടിയുടെ പ്രഖ്യാപനം ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ നടത്താനാണ് ആലോചിക്കുന്നത്. ഈമാസം 30നു പ്രഖ്യാപനം നടത്തുമെന്നു ജോർജുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഈമാസം 17നു പാർട്ടിയുടെ ആദ്യത്തെ പ്രക്ഷോഭം നടത്താനും തീരുമാനമായി. അന്നേദിവസം എറണാകുളം നോർത്ത് റെയിൽവെ സ്‌റ്റേഷൻ ഉപരോധിച്ചു കൊണ്ടാണ് ആദ്യത്തെ പ്രക്ഷോഭവുമായി ജോർജിന്റെ പാർട്ടി രംഗത്തെത്തുന്നത്. ഇതിനു ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം നടക്കുക.

പിസി ജോർജ് തന്നെ ആയിരിക്കും പാർട്ടിയുടെ ചെയർമാൻ. പാർട്ടിയുടെ ആലോചനായോഗം കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്നു. കോട്ടയം ഭരണങ്ങാനത്തെ ഓശാന മൗണ്ടിലാണ് ആലോചനായോഗം ചേർന്നത്. നോട്ട് നിരോധിക്കലിനെതിരായ ആദ്യ പ്രക്ഷോഭത്തിൽ 5000 പേരെ പങ്കെടുപ്പിക്കാനാണ് ആലോചിക്കുന്നത്. അരവിന്ദ് കെജ്‌രിവാളിനെ മാതൃകയാക്കിക്കൊണ്ടാണ് പാർട്ടി പ്രവർത്തിക്കുക. 30നു നടക്കുന്ന പാർട്ടി പ്രഖ്യാപന കൺവെൻഷനിൽ അണ്ണ ഹസാരെയെ പങ്കെടുപ്പിക്കാനാണ് ആലോചിക്കുന്നത്.

പാർട്ടിയുടെ കൊടിയെ സംബന്ധിച്ചും അംഗീകാരമായിട്ടുണ്ട്. കൊടിയുടെ മൂന്നിൽ രണ്ടുഭാഗം ചുവപ്പു നിറമാണ്. മൂന്നിൽ ഒന്നു മഞ്ഞയും. കൊടിക്കും കഴിഞ്ഞ ദിവസത്തെ ആലോചനായോഗം അംഗീകാരം നൽകി. 14 ജില്ലാ കമ്മിറ്റികൾക്കും ജില്ലാ കൺവീനർമാരെ നിയമിച്ചു. ജില്ലാ കമ്മിറ്റിയും നിലവിൽ വന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here